| Tuesday, 16th September 2025, 6:08 pm

ചുമ്മാ റീല്‍സില്‍ ഓടാന്‍ മാത്രം വേണ്ടി പാട്ടുകളുണ്ടാക്കുന്നയാളല്ല ജി.വി പ്രകാശെന്ന് ധനുഷ്, അനിരുദ്ധിനെ ഉദ്ദേശിച്ചാണോയെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ലാത്ത ഇന്‍ഡസ്ട്രിയാണ് കോളിവുഡ്. താരങ്ങള്‍ തമ്മിലുള്ള പിണക്കവും കാലുവാരലുമെല്ലാം മാസല ചേര്‍ത്ത് പലരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാറുണ്ട്. കഴിഞ്ഞദിവസം നടന്ന ഇഡലി കടൈ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് പിന്നാലെ വീണ്ടും പല ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡലി കടൈ. ചിത്രത്തില്‍ നായകനായി വേഷമിട്ടതും ധനുഷ് തന്നെയാണ്. ജി.വി. പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രായന്‍, കുബേര എന്നീ ചിത്രങ്ങളൊഴികെ അവസാനം പുറത്തിറങ്ങിയ പല ധനുഷ് ചിത്രങ്ങള്‍ക്കും സംഗീതം നല്‍കിയത് ജി.വി പ്രകാശാണ്.

സിനിമാലോകത്ത് ധനുഷിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന അനിരുദ്ധിനെ ഒഴിവാക്കി ജി.വി.പിയെ തുടര്‍ച്ചയായി സമീപിച്ചത് പലരുടെയും ഇടയില്‍ സംശയം ജനിപ്പിച്ചിരുന്നു. ധനുഷും അനിരുദ്ധും തമ്മില്‍ പിണക്കത്തിലായെന്ന് സോഷ്യല്‍ മീഡിയയിലെ ചില പേജുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ധനുഷിന്റെ പ്രസംഗത്തിന് ശേഷം ഈ സംശയത്തിന് കൂടുതല്‍ ബലം വെച്ചിരിക്കുകയാണ്.

‘ഈ പടത്തിന്റെ മ്യൂസിക്കിന് വേണ്ടി പ്രകാശിനെ സമീപിച്ചപ്പോള്‍ അയാള്‍ ആദ്യം പറഞ്ഞ കാര്യം ‘ഇപ്പോള്‍ റിലീസായ ഉടനെ റീല്‍സിലും യൂട്യൂബ് വ്യൂസിലും ട്രെന്‍ഡിങ്ങാകുന്ന തരത്തിലുള്ള പാട്ടുകള്‍ ഞാന്‍ ചെയ്യില്ല. സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്ന ആത്മാര്‍ത്ഥമായ പാട്ടുകളേ ഉണ്ടാക്കുള്ളൂ’ എന്നായിരുന്നു. അത് നല്ല കാര്യമായി എനിക്ക് തോന്നി.

ട്രെന്‍ഡാകുന്ന പാട്ടുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ നല്ല സ്റ്റാന്‍ഡേര്‍ഡുള്ള പാട്ടുകള്‍ ഉണ്ടാക്കാന്‍ അപൂര്‍വമായിട്ടുള്ള മ്യൂസിക് ഡയറക്ടേഴ്‌സിന് മാത്രമേ സാധിക്കുള്ളൂ. ജി.വി. പ്രകാശ് അത്തരത്തിലൊരു വ്യക്തിയാണ്. അടുത്ത ജനറേഷനില്‍ നോക്കിയാല്‍ സായ് അഭ്യങ്കറും അത്തരത്തില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്നാണ് എനിക്ക് തോന്നിയത്,’ ധനുഷ് പറഞ്ഞു.

താന്‍ കൈപിടിച്ച് കൊണ്ടുവന്ന അനിരുദ്ധിനെ ഒഴിവാക്കി ഇത്തരമൊരു പ്രസംഗം നടത്തിയതോടെ ധനുഷും അനിരുദ്ധും തമ്മില്‍ പ്രശ്‌നത്തിലാണെന്ന് പലരും അനുമാനിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ധനുഷിന്റെ മാനേജര്‍ ശ്രേയസ് ശ്രീനിവാസന്‍ നടത്തിയ പ്രസംഗവും ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. നിങ്ങള്‍ കൈപിടിച്ചു കൊണ്ടുവന്നവര്‍ നിങ്ങളെ പിന്നില്‍ നിന്ന് കുത്തി ഉയരത്തിലെത്തി എന്ന ശ്രേയസിന്റെ വാക്കുകള്‍ പലരും ഡീകോഡ് ചെയ്തു.

ശിവകാര്‍ത്തികേയന്‍, നയന്‍താര, അനിരുദ്ധ്, വിഘ്‌നേശ് ശിവന്‍ എന്നിവരാണ് ധനുഷിനെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് പലരും ഡീകോഡ് ചെയ്തത്. കുറച്ചുദിവസത്തേക്ക് തമിഴിലെ ഗോസിപ്പ് ചാനലുകള്‍ക്ക് ചര്‍ച്ചയാക്കാനുള്ള കണ്ടന്റ് ഇഡലി കടൈയുടെ ഓഡിയോ ലോഞ്ചിലൂടെ ലഭിച്ചിരിക്കുകയാണ്.

Content Highlight: Dhanush’s Speech about GV Prakash became discussion in social media

We use cookies to give you the best possible experience. Learn more