| Thursday, 18th June 2026, 8:30 pm

ധനുഷിന്റെ പുഷ്പയാണോ ഇത്? D55 ഇനിമുതല്‍ ഓം... രക്തചന്ദനം കടത്താന്‍ തമിഴ് സിനിമയും

അമര്‍നാഥ് എം.

വിജയ്, അജിത് എന്നിവരെപ്പോലെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് പലരും അഭിപ്രായപ്പെട്ട നടനാണ് ധനുഷ്. ടൈര്‍ 2ല്‍ കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്ത് മുന്‍നിരയിലേക്ക് ഉയരുമായിരുന്ന ധനുഷ് പരീക്ഷണ സിനിമകള്‍ ചെയ്തുകൊണ്ട് തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തി. അഭിനയത്തിന് പുറമെ സംവിധാനത്തിലും താരം തന്റെ സാന്നിധ്യമറിയിച്ചു.

എന്നിരുന്നാലും ധനുഷില്‍ നിന്നൊരു ഔട്ട് ആന്‍ഡ് ഔട്ട് കൊമേഴ്‌സ്യല്‍ ചിത്രം വേണമെന്ന ആരാധകരുടെ ആവശ്യം താരം പരിഗണിച്ചിരിക്കുകയാണ്. അമരന്‍ എന്ന ബ്ലോക്ക്ബസ്റ്ററൊരുക്കിയ രാജ്കുമാര്‍ പെരിയസാമിയുമായാണ് ധനുഷ് കൈകോര്‍ക്കുന്നത്. D55 എന്ന് താത്കാലിക ടൈറ്റില്‍ നല്‍കിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഓം Photo: Screen grab/ Divo Music

ഓം എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. രക്തചന്ദന കടത്തും അതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ കഥ. ധനുഷ് ആദ്യാവസാനം മാസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഓമെന്ന് ടൈറ്റില്‍ ടീസര്‍ അടിവരയിടുന്നു. രണ്ട് ഭാഗങ്ങളായാണ് ഓം ഒരുങ്ങുന്നത്. ഓം; ചാപ്റ്റര്‍ വണ്‍, ഉധിരം, ദി ബ്ലഡ് വുഡ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്.

പുഷ്പക്ക് ശേഷം രക്തചന്ദന കടത്ത് പ്രമേയമായി വരുന്ന ചിത്രമാണ് ഓം. പുഷ്പയെക്കാള്‍ മികച്ച രീതിയില്‍ കഥ പറയുക എന്നാണ് ഓം നേരിടുന്ന പ്രധാന വെല്ലുവിളി. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ ഓം അണിയിച്ചൊരുക്കുന്നത്.

ഓം; ചാപ്റ്റര്‍ വണ്‍, ഉധിരം, ദി ബ്ലഡ് വുഡ് Photo: Wonderbar Films/ Facebook

മലയാളികളുടെ സ്വന്തം മമ്മൂട്ടിയും ഓമിന്റെ ഭാഗമാണ്. ധനുഷിനൊപ്പം ശക്തമായ വേഷമാണ് മമ്മൂട്ടിയുടേത്. കാര്‍ത്തികേയന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരെന്നും വളരെ പ്രാധാന്യമുള്ള വേഷമാണ് ഇതെന്നും സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ടൈറ്റില്‍ ലോഞ്ച് ഇവന്റില്‍ പറഞ്ഞു. ചെന്നൈയില്‍ മമ്മൂട്ടിയുടെ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു.

സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. മാരി 2ന് ശേഷം ധനുഷും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രമാണിത്. തെലുങ്ക് താരം ശ്രീലീലയും ശക്തമായ വേഷം ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സായ്‌യുടെ ബി.ജി.എമ്മില്‍ മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം നവംബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Dhanush’s 55th movie titled as Om

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more