ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവുമധികം ട്രോളുകള്‍ ലഭിച്ച നടന്മാരിലൊരാളാണ് ധനുഷ്. മികച്ച തമിഴ് ചിത്രമടക്കം രണ്ട് പുരസ്‌കാരങ്ങള്‍ ധനുഷിനെ തേടിയെത്തി. രായന്‍ മികച്ച തമിഴ് ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ മില്ലറിലെ പ്രകടനത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും ധനുഷ് അര്‍ഹനായി.
എന്നാല്‍ മഹാരാജ, മെയ്യഴഗന്‍, തങ്കലാന്‍ തുടങ്ങിയ ഗംഭീര സിനിമകള്‍ക്ക് പകരം ഈ രണ്ട് ചിത്രങ്ങള്‍ക്കും അവാര്‍ഡ് നല്‍കിയത് പലരെയും ചൊടിപ്പിച്ചു. രായന്‍ എന്ന ആവറേജ് ചിത്രത്തെ പലരും അങ്ങേയറ്റം ട്രോളിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അവാര്‍ഡ് വിവാദത്തില്‍ പ്രതികരിക്കുകയാണ് ധനുഷ് ഇപ്പോള്‍.
2024ല്‍ ക്യാപ്റ്റന്‍ മില്ലര്‍, രായന്‍ എന്നീ സിനിമകളെക്കാള്‍ മികച്ച ചിത്രങ്ങളായിരുന്നു മെയ്യഴഗനും മഹാരാജയുമെന്ന് തനിക്ക് അറിയാമെന്ന് ധനുഷ് പറഞ്ഞു. ആ സിനിമകള്‍ക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ പലര്‍ക്കും നിരാശയുണ്ടെന്നും തനിക്ക് അവാര്‍ഡ് ലഭിച്ചതിനെ വിമര്‍ശിക്കുന്നത് അതുകൊണ്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പിറന്നാളിനോടനുബന്ധിച്ച് നടത്തിയ ഫാന്‍സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ധനുഷ്.
‘ഇപ്പോള്‍ പലരും എന്നെ വിമര്‍ശിക്കുന്നു, അര്‍ഹിക്കാത്ത അവാര്‍ഡാണ് എനിക്ക് ലഭിച്ചതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. പക്ഷേ, ഇക്കൂട്ടരെ ഞാന്‍ ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ, കരിയറിന്റൈ തുടക്കക്കാലത്ത് ഞാന്‍ ചെയ്ത സിനിമകളിലൊന്നായിരുന്നു കാതല്‍ കൊണ്ടേന്‍. ആ പടം കണ്ട പലരും പറഞ്ഞത് നാഷണല്‍ അവാര്‍ഡ് ഉറപ്പാണെന്നാണ്. എന്നാല്‍ ആ സിനിമക്ക് അവാര്‍ഡ് കിട്ടിയില്ല. അന്നത്തെ ആ ചെറിയ പയ്യന് എല്ലാവരും ആശ നല്‍കിയെങ്കിലും അവസാനം അവന്‍ നിരാശനായി.
ആ സിനിമ മാത്രമല്ല, പിന്നീട് ഞാന്‍ ചെയ്ത പുതുപേട്ടൈക്കും ഇതേ അവസ്ഥയായിരുന്നു. അവിടെയും തീര്‍ന്നില്ല, വടചെന്നൈ, മരിയാന്‍, രാഞ്ചനാ, കര്‍ണന്‍, മയക്കം എന്ന ഈ സിനിമക്കൊന്നും അവാര്‍ഡ് ലഭിച്ചില്ല. ഇതെല്ലാം അര്‍ഹതയുണ്ടായിട്ടും അവാര്‍ഡ് ലഭിക്കാത്ത സിനിമകളായിരുന്നു. അന്നൊന്നും ആരും സംസാരിച്ച് കണ്ടിട്ടില്ല. ഇപ്പോള്‍ അവാര്‍ഡ് കിട്ടുമ്പോള്‍ വിമര്‍ശിക്കുന്നത് ശരിയല്ല. അന്നൊന്നും ആരും എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നില്ല,’ ധനുഷ് പറയുന്നു.
ധനുഷ് സംവിധായക കുപ്പായമണിഞ്ഞ രായന്‍ ബോക്‌സ് ഓഫീസില്‍ 100 കോടിയോളം നേടിയിരുന്നു. താരത്തിന്റെ 50ാമത് ചിത്രം കൂടിയായിരുന്നു രായന്‍. നല്ല തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാന്‍ സാധിക്കാത്ത കഥയായിരുന്നു രായന്റേത്. മികച്ച തമിഴ് ചിത്രമായ രായനെ തെരഞ്ഞെടുത്തതില്‍ പലരും അവരുടെ നിരാശ പങ്കുവെച്ചു.
Content Highlight: Dhanush reacts to the criticisms after he got National Award