| Wednesday, 1st October 2025, 1:45 pm

പോക്ക് കണ്ടിട്ട് മൂന്നാമത്തെ നാഷണല്‍ അവാര്‍ഡും ധനുഷ് തൂക്കുമെന്ന് തോന്നുന്നു, ആരാധകരെ ഞെട്ടിച്ച് തേരേ ഇഷ്‌ക് മേം ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസന് ശേഷം ഒന്നിലധികം ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നടനാണ് ധനുഷ്. ആടുകളത്തിലൂടെ കരിയറിലെ ആദ്യ നാഷണല്‍ അവാര്‍ഡ് സ്വന്തമാക്കിയ ധനുഷ് അസുരനിലൂടെ വീണ്ടും രാജ്യത്തെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. കഥാപാത്രത്തിലേക്ക് വളരെ വേഗത്തില്‍ കൂടുമാറ്റം നടത്താന്‍ സാധിക്കുന്ന ചുരുക്കം നടന്മാരിലൊരാളാണ് ധനുഷ്.

താരത്തിന്റെ പുതിയ ഹിന്ദി ചിത്രം തേരേ ഇഷ്‌ക് മേമിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ രാഞ്ചനയുടെ ടീം വീണ്ടും ഒന്നിക്കുന്നു എന്നാണ് തേരേ ഇഷ്‌ക് മേമിന്റെ പ്രത്യേകത. ചിത്രത്തിന്റെ അൗണ്‍സ്‌മെന്റിന വന്‍ വരവേല്പായിരുന്നു ലഭിച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ധനുഷ് വീണ്ടും കോളേജ് വിദ്യാര്‍ത്ഥിയായി വേഷമിടുന്നു എന്നതാണ് തേരേ ഇഷ്‌ക് മേമിന്റെ പ്രത്യേകത. ബോളിവുഡ് താരം കൃതി സനോനാണ് ചിത്രത്തിലെ നായിക. ഇമോഷന് പ്രാധാന്യം നല്കിക്കൊണ്ടുള്ള റൊമാന്റിക് ഡ്രാമയെന്നാണ് ഈ ചിത്രമെന്ന് ടീസര്‍ വ്യക്തമാക്കുന്നുണ്ട്. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് ഇതില്‍ കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.

ഈ വര്‍ഷം ധനുഷ് നായകനായെത്തുന്ന മൂന്നാമത്തെ ചിത്രമാണ് തേരേ ഇഷ്‌ക് മേം. മൂന്നും ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷത്തെ ആദ്യ റിലീസായ കുബേരയില്‍ ഭിക്ഷക്കാരന്റെ വേഷത്തിലാണ് ധനുഷ് പ്രത്യക്ഷപ്പെട്ടത്. ദേവ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ധനുഷ് സംവിധാനം ചെയ്ത് പ്രധാനവേഷത്തിലെത്തിയ ഇഡലി കടൈയാണ് രണ്ടാമത്തെ റിലീസ്. കുബേരയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഇഡലി കടൈയില്‍ അവതരിപ്പിക്കുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ജോലി വേണ്ടെന്ന് വെച്ച് അച്ഛന്‍ ആരംഭിച്ച സാധാരണ ഇഡലി കട നോക്കിനടത്തുന്ന മുരുകന്‍ എന്ന കഥാപാത്രമായാണ് ധനുഷ് ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

നവംബറില്‍ റിലീസാകുന്ന തേരേ ഇഷ്‌ക് മേമിലും കഥാപാത്രത്തിന്റെ വ്യത്യസ്തത കൊണ്ട് ധനുഷ് ഞെട്ടിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എല്ലാം ഒത്തുവന്നാല്‍ കരിയറിലെ മൂന്നാമത്തെ നാഷണല്‍ അവാര്‍ഡ് ധനുഷ് സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. സ്റ്റാര്‍ എന്നതിലുപരി മികച്ച നടനെന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ധനുഷ് ചരിത്രനേട്ടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

Content Highlight: Dhanush starring Bollywood movie Tere Ishk Mein teaser out now

We use cookies to give you the best possible experience. Learn more