| Sunday, 29th November 2026, 5:30 pm

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ നാലാമത്തെ ഫ്‌ളോപ്പുമായി ധനുഷ്; തെലുങ്ക് മാര്‍ക്കറ്റില്‍ സ്‌ട്രോങ്ങാകാന്‍ നോക്കിയപ്പോള്‍ സ്വന്തം നാട്ടിലെ ബോക്‌സ് ഓഫീസ് പവര്‍ കൈവിട്ടുപോയി

അമര്‍നാഥ് എം.

പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും ബോക്‌സ് ഓഫീസില്‍ പാടുപെടുകയാണ് തമിഴ് ചിത്രം ഓ.എം. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷും മമ്മൂട്ടിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏറെക്കാലത്തിന് ശേഷം ധനുഷ് നായകനാകുന്ന കൊമേഷ്‌സ്യല്‍ ചിത്രമെന്നതായിരുന്നു ഓ.എമ്മിന്റെ ഹൈപ്പ് ഫാക്ടര്‍.

പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ച ചിത്രം നാല് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. എന്നാല്‍ വീക്കെന്‍ഡിന് ശേഷം ബോക്‌സ് ഓഫീസില്‍ ഓ.എം പാടുപെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ആദ്യ വീക്കെന്‍ഡില്‍ 100 കോടി നേടിയ ചിത്രം പിന്നീടുള്ള ഏഴ് ദിവസം കൊണ്ട് ആകെ നേടിയത് 38 കോടിയാണ്.

വേള്‍ഡ്‌വൈഡ് കളക്ഷനില്‍ നൂറ് കോടി നേടിയെങ്കിലും തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ ഓ.എം ഫ്‌ളോപ്പിലേക്ക് കുതിക്കുകയാണ്. വിതരണക്കാരന് ലാഭമാകണമെങ്കില്‍ 80 കോടിയോളം ആവശ്യമുള്ള ചിത്രം ഇതുവരെ 40 കോടിക്കടുത്ത് മാത്രമാണ് നേടിയത്. തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി നാലാമത്തെ ഫ്‌ളോപ്പാണ് ധനുഷിന്റേത്.

2025ല്‍ പുറത്തിറങ്ങിയ കുബേര മുതലാണ് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ താരത്തിന്റെ കഷ്ടകാലം ആരംഭിച്ചത്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 100 കോടിയിലേറെ നേടിയെങ്കിലും തമിഴ്‌നാട്ടില്‍ നിന്ന് ആകെ 26 കോടി മാത്രമേ കുബേരക്ക് നേടാനായുള്ളൂ. തൊട്ട് പിന്നാലെ റിലീസായ ഇഡ്‌ലി കടൈ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 17 കോടിയായിരുന്നു ഇഡ്‌ലി കടൈയുടെ തമിഴ്‌നാട് കളക്ഷന്‍.

ഹിന്ദി ചിത്രമായ തേരേ ഇഷ്‌ക് മേമിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഈ വര്‍ഷം ധനുഷ് നായകനായെത്തിയ കര ബജറ്റ് പോലും തിരിച്ചുകിട്ടാതെ തകര്‍ന്നടിഞ്ഞു. 27 കോടി മാത്രമേ ചിത്രത്തിന് നേടാനായുള്ളൂ. ഇപ്പോഴിതാ ഓ.എമ്മും സ്വന്തം നാട്ടില്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ ഒരുകാലത്ത് മികച്ച ഹോള്‍ഡുണ്ടായിരുന്ന താരമായിരുന്നു ധനുഷ്.

സ്വന്തം നാട്ടിലെ ബോക്‌സ് ഓഫീസ് പവര്‍ കൈവിട്ട് തെലുങ്ക് ബോക്‌സ് ഓഫീസിന് ശ്രദ്ധ നല്‍കിയതാണ് ധനുഷിന് തിരിച്ചടിയായത്. ധനുഷിനെപ്പോലെ ടൈര്‍ 2 താരമായ സൂര്യ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക ബോക്‌സ് ഓഫീസില്‍ കണ്‍സിസ്റ്റന്‍സി നിലനിര്‍ത്തുന്നതും പലരും ചൂണ്ടിക്കാണിക്കുന്നു. താരം തന്റെ പഴയ ഫോം വീണ്ടെടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Dhanush facing fourth consecutive flop in Tamilnadu Box Office

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more