ഇഡലി കടൈ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ധനുഷ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കുട്ടിക്കാലത്ത് ഇഡലി കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് കൈയില്‍ പൈസയില്ലായിരുന്നെന്നും തോട്ടത്തില്‍ പണിയെടുത്താണ് പൈസയുണ്ടാക്കിയതെന്നുമായിരുന്നു ധനുഷ് പറഞ്ഞത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന ധനുഷ് എന്തിനാണ് ദാരിദ്ര്യം പറയുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയ ചോദിച്ചത്.
തമിഴിലെ പഴയകാല സംവിധായകനായ കസ്തൂരിരാജയാണ് ധനുഷിന്റെ അച്ഛന്‍. സംവിധായകന്റെ മകന് ഇഡലി വാങ്ങിക്കഴിക്കാന്‍ പൈസയില്ലേയെന്ന ചോദ്യവും ഉയര്‍ന്നു. സാധാരണക്കാരനാണെന്ന് കാണിക്കാന്‍ വേണ്ടി ഇത്തരം കഥകള്‍ പറയുന്നത് എന്തിനാണെന്ന തരത്തില്‍ ട്രോളുകളും പ്രചരിച്ചു. എന്തുകൊണ്ട് താന്‍ അങ്ങനെ പറഞ്ഞു എന്ന് വിശദീകരിക്കുകയാണ് ധനുഷ്.
തന്റെ പ്രസംഗം മുഴുവന്‍ കേള്‍ക്കാത്തവരാണ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ധനുഷ് പറഞ്ഞു. ചെറിയൊരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും ആരും തന്റെ പ്രസംഗം മുഴുവന്‍ കേട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം നടന്ന പ്രൊമോഷന്‍ പരിപാടിക്കിടെ അവതാരകരിലൊരാള്‍ ഇക്കാര്യം ചോദിച്ചപ്പോഴായിരുന്നു ധനുഷിന്റെ മറുപടി.
‘ഞാന്‍ ജനിച്ചത് 1983ലാണ്. അച്ഛന്‍ സംവിധായകനായത് 91ലായിരുന്നു. ആ സമയം വരെ കുടുംബത്തില്‍ അത്യാവശ്യം ദാരിദ്ര്യമായിരുന്നു. അത്രയും കാലം സ്ട്രഗ്‌ളിങ്ങായിരുന്നു. നാല് കുട്ടികളെ വളര്‍ത്തുക, അവരെ പഠിപ്പിക്കുക എന്നതെല്ലാം വലിയ ചെലവാണ്. 91ല്‍ ആദ്യത്തെ പടം ചെയ്‌തെങ്കിലും ഇന്‍ഡസ്ട്രിയില്‍ ഒരു ഹോള്‍ഡ് ലഭിച്ചത് 1995ലായിരുന്നു.
അതിന്റെ ഇടയില്‍ പോയി നമ്മുടെ ആവശ്യത്തിന് പൈസ ചോദിക്കാന്‍ മടിയായിരുന്നു. ചോദിച്ചാലും പെട്ടെന്ന് തരണമെന്നില്ലല്ലോ. അതുകൊണ്ട് നമ്മുടെ ആവശ്യത്തിനുള്ള പൈസ സ്വയം ഉണ്ടാക്കണമെന്ന് തീരുമാനിച്ചതായിരുന്നു. ഞങ്ങള്‍ നാലുപേരും കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി ജീവിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു.
പരമാവധി വീട്ടുകാരോട് പൈസ ചോദിക്കാതിരിക്കാന്‍ ഞങ്ങള്‍ നാലുപേരും ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് തോട്ടത്തില്‍ പണിയെടുത്തതും പൂ പറിച്ച് വിറ്റ് പൈസയുണ്ടാക്കിയതുമെല്ലാം. അതില്‍ വിമര്‍ശിക്കുകയോ കളിയാക്കുകയോ ചെയ്യേണ്ട ആവശ്യമില്ല,’ ധനുഷ് പറയുന്നു.
ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡലി കടൈ. ധനുഷിനൊപ്പം അരുണ്‍ വിജയ്‌യും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ജോലി ഉപേക്ഷിച്ച് അച്ഛന്റെ ഹോട്ടല്‍ ഏറ്റെടുത്ത് നടത്തുന്ന മകന്റെ കഥയാണ് ചിത്രം പറയുന്നത്. ഒക്ടോബര്‍ ഒന്നിന് ഇഡലി കടൈ തിയേറ്ററുകളിലെത്തും.
Content Highlight: Dhanush explains why told Idli story in movie Audio launch