തമിഴിലെ മികച്ച നടന്മാരിലൊരാളാണ് ധനുഷ്. കമല്‍ ഹാസന് ശേഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രണ്ട് വട്ടം നേടിയ നടന്‍ കൂടിയാണ് ഇദ്ദേഹം. അഭിനയത്തോടൊപ്പം സംവിധാനത്തിലും ധനുഷ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരം എന്നതിലുപരി മികച്ച നടനെന്ന് തെളിയിക്കാനാണ് ധനുഷ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്.
സിനിമയോടുള്ള ധനുഷിന്റെ അഭിനിവേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പോര്‍ തൊഴിലിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധനുഷിന്റെ അടുത്ത പ്രൊജക്ട്. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ വേല്‍സ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ് ഈശരി ഗണേശ്.
ഇതിന് പിന്നാലെ ധനുഷിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയയിലെ സിനിമാപ്രേമികള്‍. ഈ വര്‍ഷം അഞ്ചാമത്തെ ചിത്രമാണ് ധനുഷ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതില്‍ രണ്ട് ചിത്രങ്ങളില്‍ സംവിധായകനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. മൂന്ന് വ്യത്യസ്ത ഭാഷകളിലായാണ് ധനുഷ് അഞ്ച് സിനിമകള്‍ പൂര്‍ത്തിയാക്കിയത്.
വിശ്രമമില്ലാതെ ഒന്നിന് പിന്നാലെ ഒന്നെന്ന രീതിയില്‍ സിനിമകള്‍ ചെയ്യുന്ന ധനുഷിന്റെ ആത്മാര്‍പ്പണമാണ് സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. യുവതാരങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത നിലവുക്ക് എന്‍ മേല്‍ എന്നഡീ കോപമായിരുന്നു ഈ വര്‍ഷം ധനുഷിന്റെ ആദ്യ ചിത്രം. ബോക്‌സ് ഓഫീസില്‍ വേണ്ടത്ര തിളങ്ങാന്‍ ചിത്രത്തിന് സാധിച്ചില്ല.
ശേഖര്‍ കമ്മുലയുടെ സംവിധാനത്തില്‍ തമിഴിലും തെലുങ്കിലുമായി ഒരുങ്ങിയ കുബേരയില്‍ ധനുഷ് എന്ന പെര്‍ഫോമറെയാണ് കാണാന്‍ സാധിച്ചത്. ദേവ എന്ന ഭിക്ഷക്കാരനായി പകരം വെക്കാനില്ലാത്ത പ്രകടനമായിരുന്നു ധനുഷിന്റേത്. ബോക്‌സ് ഓഫീസില്‍ 100 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിയിരുന്നു. കരിയറിലെ നാലാമത്തെ 100 കോടി ചിത്രവും കുബേരയിലൂടെ ധനുഷ് സ്വന്തമാക്കി.
ക്യാമറക്ക് മുന്നിലും പിന്നിലും ഒരുപോലെ നിറഞ്ഞുനിന്ന ഇഡലി കടൈയായിരുന്നു ധനുഷിന്റെ അടുത്ത റിലീസ്. ഇമോഷണല്‍ ഫീല്‍ ഗുഡ് ഡ്രാമ ഴോണറിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2024 സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം 2025 മാര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു. വളരെ വേഗത്തില്‍ താരം തന്റെ അടുത്ത പ്രൊജക്ടിലേക്ക് കടന്നു.
തമിഴിനും തെലുങ്കിനും ശേഷം ബോളിവുഡിലും മികച്ച പ്രൊജക്ടുമായി ഈ വര്‍ഷം ധനുഷ് എത്തുന്നുണ്ട്. രാഞ്ചന ടീം വീണ്ടും ഒന്നിക്കുന്ന തേരേ ഇഷ്‌ക് മേം ഈ വര്‍ഷം നവംബറില്‍ തിയേറ്ററുകളിലെത്തും. ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടീസറിനും വന്‍ വരവേല്പാണ് ലഭിച്ചത്.
ഇതിന് പിന്നാലെയാണ് താരം ഈ വര്‍ഷം മറ്റൊരു സിനിമയും പൂര്‍ത്തിയാക്കിയെന്ന വിവരം പുറത്തുവന്നത്. സ്‌ക്രിപ്റ്റ് സെലക്ഷനിലും പെര്‍ഫോമന്‍സിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ധനുഷ് ഇനിയും ഞെട്ടിക്കുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Dhanush completed his fifth movie this year