| Sunday, 10th August 2025, 10:36 am

ധന്‍കറിന്റെ രാജിയും സത്യപാല്‍ മാലികിനോടുള്ള വിവേചനവും ചോദ്യം ചെയ്തു; ബി.ജെ.പി വക്താവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി. സര്‍ക്കാരിനെതിരായ പരാമര്‍ശം നടത്തിയ പാര്‍ട്ടി വക്താവ് കൃഷ്ണകുമാര്‍ ജാനുവിനെ പുറത്താക്കി ബി.ജെ.പി. അന്തരിച്ച ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, മുന്‍ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍കര്‍ എന്നിവര്‍ക്കെതിരായ പാര്‍ട്ടിയുടെ നിലപാടിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൃഷ്ണ കുമാര്‍ ജാനുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

ബി.ജെ.പിയെയും പാര്‍ട്ടിയുടെ നിലപാടിനെയും വിമര്‍ശിച്ചുള്ള വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സത്യപാല്‍ മാലിക്കിനോടുള്ള പാര്‍ട്ടിയുടെ അവഗണനയെ കുറിച്ചും ധന്‍കറിന്റെ രാജി സംബന്ധിച്ചുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. വീഡിയോയെ ചൊല്ലി പാര്‍ട്ടി ഇദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

പാര്‍ട്ടിയെ വിമര്‍ശിക്കുന്ന ഈ വീഡിയോ പ്രസ്താവന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചതിന് തൊട്ടു പിന്നാലെ ജാനുവിനെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

എന്നാല്‍ ഈ വര്‍ഷം ജൂണില്‍ ഹര്‍ഷിനി കുല്‍ഹാരിയെ ജുന്‍ജുനു ജില്ലാ പ്രസിഡന്റായി നിയമിച്ചതിനെ എതിര്‍ത്ത് ജാനു നടത്തിയ പരാമര്‍ശങ്ങളാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള കാരണമായി ബി.ജെ.പി ചൂണ്ടിക്കാണിച്ചത്. ആറ് വര്‍ഷത്തേക്കാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

അന്തരിച്ച സത്യപാല്‍ മാലിക്കിനോടുള്ള അവഗണനയെ കുറിച്ച് തുറന്നു പറഞ്ഞ അദ്ദേഹം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ജാട്ടുകളോട്, താന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. ‘ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ജാട്ടുകളോട്, അത് എം.പി.മാരായാലും എം.എല്‍.എ.മാരായാലും മറ്റ് പദവികള്‍ വഹിക്കുന്നവരായാലും, ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞയാഴ്ച അന്തരിച്ച സത്യപാല്‍ മാലിക്കിന്റെ അന്ത്യകര്‍മങ്ങള്‍ സംസ്ഥാന ബഹുമതികളോടെ നടത്താതിരിക്കുന്നതിനെക്കുറിച്ചും രാജിവെച്ച ജഗദീപ് ധന്‍കറിന് യാത്രയയപ്പ് നല്‍കാതിരുന്നതിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി.

Content Highlight: Dhankar’s resignation and discrimination against Satyapal Malik questioned; BJP spokesperson expelled from party

We use cookies to give you the best possible experience. Learn more