ന്യൂദൽഹി: ബോയിങ് വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്ക് ജൂലൈ 21നകം പരിശോധിക്കണമെന്ന് ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ജൂണിൽ എയർ ഇന്ത്യ ബോയിങ് 787-8 വിമാനം തകർന്നുവീണ് 260 ഓളം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ, അപകടത്തിന് മുമ്പ് ഇന്ധന സ്വിച്ചുകൾ ഓഫ് ആയതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഡി.ജി.സി.എയുടെ ഉത്തരവ് വന്നിരിക്കുന്നത്.
ബോയിങ് 787, ബോയിങ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കാണ് പരിശോധിക്കുക.
2018 ഡിസംബറിൽ യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ സ്പെഷ്യൽ എയർവർത്തിനസ് ഇൻഫർമേഷൻ ബുള്ളറ്റിൽ ബോയിങ് വിമാനങ്ങളുടെ 787ഉം 737ഉം ഉൾപ്പെടെയുള്ള ചില മോഡലുകളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിങ് സംവിധാനത്തിലെ പ്രശ്ങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിൽ എയർ ഇന്ത്യ പ്രധാനമായി ബോയിങ് 787 ആണ് ഉപയോഗിക്കുന്നത്. അതേസമയം എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സ്പൈസ്ജെറ്റ് എന്നിവ ബോയിങ് 737-ന്റെ വ്യത്യസ്ത വിമാനങ്ങൾ ഉപയോഗിക്കുന്നു.
എസ്.എ.ഐ.ബി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ബോയിങ് വിമാന ഓപ്പറേറ്റർമാർ, പ്രധാനമായും വിദേശത്തുള്ളവർ, റിപ്പോർട്ടിൽ നിർദേശിച്ച പ്രകാരം സ്വമേധയാ പരിശോധനകൾ നടത്താൻ ആരംഭിച്ചിരുന്നു.
പിന്നാലെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മിക്ക ബോയിങ് വാണിജ്യ വിമാനങ്ങളിലെയും സ്വിച്ചുകളുടെ ലോക്കിങ് സംവിധാനം ജൂലൈ 21നകം പരിശോധിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടു.
‘2018 ഡിസംബർ 17ലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ സ്പെഷ്യൽ എയർവർത്തിനസ് ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരം, അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും നിരവധി വിമാനക്കമ്പനികൾ പരിശോധന ആരംഭിച്ചതായി ഡി.ജി.സി.എയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ വിമാനങ്ങളുടെ എല്ലാ എയർലൈൻ ഓപ്പറേറ്റർമാരും ആവശ്യമായ പരിശോധന പൂർത്തിയാക്കാൻ ഞങ്ങൾ നിർദേശിക്കുന്നു,’ ഡി.ജി.സി.എ ഉത്തരവിൽ പറഞ്ഞു.
ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഏകദേശം 150 ബോയിങ് 737, 787 വിമാനങ്ങൾ ഉണ്ട്. തിങ്കളാഴ്ച, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ഇത്തിഹാദ്, തങ്ങളുടെ പക്കലുള്ള ബോയിങ് 787 വിമാനങ്ങളിലെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ നിർദേശിച്ചിരുന്നു.
വിമാനത്തിന്റെ കോക്ക്പിറ്റിന്റെ നടുവിലായുള്ള പ്രധാനപ്പെട്ട ഭാഗമാണ് ഇന്ധന സ്വിച്ചുകൾ. എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കാനാണ് ഈ സ്വിച്ചുകൾ.
ലിഫ്റ്റ് ഓഫ് ചെയ്തതിന് ശേഷം രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും ‘റൺ’ സ്ഥാനത്ത് നിന്ന് ‘കട്ട്ഓഫ്’ സ്ഥാനത്തേക്ക് മാറിയതാണ് അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം തകരാൻ കാരണമായതെന്ന് ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.ഐ.ബി) പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Content Highlight: DGCA orders fuel control switch inspections on various Boeing aircraft by July 21