| Friday, 25th July 2025, 6:25 pm

ഡി.ജി.സി.എയില്‍ പകുതിയോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു; ലോക്‌സഭയില്‍ വ്യോമയാന സഹമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമയാന നിരീക്ഷണ കേന്ദ്രമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡി.ജി.സി.എ) പകുതിയോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രം.

ഡയറക്ടറേറ്റിലെ 1644 തസ്തികകളില്‍ നിലവില്‍ 823 ഒഴിവുകളുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയ സഹമന്ത്രി മുരളീധര്‍ മേഹോള്‍ പറഞ്ഞു. ലോക്‌സഭയില്‍ രേഖാമൂലം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സി.പി.ഐ.എം.എല്‍ നേതാവും കാരക്കാട്ട് എം.പിയുമായ രാജാ റാം സിങ്ങും കോണ്‍ഗ്രസിന്റെ ആറ്റിങ്ങല്‍ എം.പിയുമായ അടൂര്‍ പ്രകാശും ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് കേന്ദ്ര സഹമന്ത്രി മറുപടി നല്‍കിയത്. സമീപ കാലങ്ങളിലുണ്ടായ വിമാനാപകടങ്ങളാണോ ഒഴിവ് നികത്താനുള്ള തടസമെന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ഇരുവരും ഉന്നയിച്ചത്.

ഇതിനെ തുടര്‍ന്ന് സമര്‍പ്പിച്ച മറുപടിയില്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എ.എ.ഐ) 9477 ഒഴിവുകളുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഇതുപ്രകാരം, എ.എ.ഐയിലെ 25730 തസ്തികകളില്‍ 36 ശതമാനം ഒഴിവുണ്ടെന്നാണ് കണക്ക്. 6484 സി ഗ്രൂപ്പ് ജീവനക്കാരുടെ ഒഴിവാണ് ഈ മേഖലയിലുള്ളത്.

മാത്രമല്ല, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബി.സി.എ.എ)യിലെ 598 തസ്തികകള്‍ നികത്താന്‍ ഇനിയും 230 പേരെ നിയോഗിക്കേണ്ടതുണ്ടെന്നും കേന്ദ്ര സഹമന്ത്രി പറയുന്നു. അതായത് 38 ശതമാനം ഒഴിവാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയിലുള്ളത്.

2022നും 2024നും ഇടയില്‍ ഡി.ജി.സി.എയില്‍ 426 സാങ്കേതിക തസ്തികകള്‍ ഉള്‍പ്പെടെ 441 തസ്തികകള്‍ പുതുതായി കൊണ്ടുവന്നുവെന്നും കേന്ദ്രം പറഞ്ഞു.

2024ല്‍ നടന്ന പുനഃസംഘടനയില്‍ 84 പുതിയ തസ്തികകളാണ് ബി.സി.എ.എസില്‍ കൂട്ടിച്ചേര്‍ത്തത്. എ.എ.ഐയില്‍ 840 ട്രാഫിക് കണ്‍ട്രോളര്‍മാരെ നിയമിച്ചുവെന്നും ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രം പറയുന്നു.

അതേസമയം 2025 മാര്‍ച്ചില്‍, പാര്‍ലമെന്ററി കമ്മറ്റിക്ക് കേന്ദ്രം കൈമാറിയ റിപ്പോര്‍ട്ടിലെ വിവരങ്ങളും ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണക്കുകളും തമ്മില്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. മാര്‍ച്ചിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഡി.ജി.സി.എയില്‍ 1633 തസ്തികകളാണുള്ളത്.

ഇതില്‍ 879 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ബി.സി.എ.എസില്‍ ആകെയുള്ള 598 തസ്തികകളില്‍ 208 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. എ.എ.ഐയില്‍ ആകെയുള്ള 19,269 തസ്തികകളില്‍ 3,265 ഒഴിവുകളുമുണ്ടെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്.

Content Highlight: Nearly half of the posts in DGCA are vacant; Minister of State for Civil Aviation in Lok Sabha

We use cookies to give you the best possible experience. Learn more