ക്ഷേത്രങ്ങളിലെ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധമില്ലാത്ത ക്ലര്‍ക്ക് എഞ്ചിനിയര്‍ തുടങ്ങിയ തസ്തികകളിലെ നിയമനങ്ങളാണ് പി.എസ്.സിക്കു വിടുന്നത്.
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളിലെ ക്ലര്‍ക്ക് മുതലുള്ള നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം. നിയമനങ്ങള്‍ പി.എസ്.സിക്കു വിടാനാണ് തത്വത്തില്‍ തീരുമാനിച്ചതെങ്കിലും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഘടനാ മാറ്റം വരുത്തി തല്‍ക്കാലം മുന്നോട്ടു കൊണ്ടുപോകാനാണ് ഇപ്പോഴത്തെ ശ്രമം.
ഇതിന് 2015ലെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ ബില്‍ കൊണ്ടു വരും. ഇതു വരുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും.
ക്ഷേത്രങ്ങളിലെ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധമില്ലാത്ത ക്ലര്‍ക്ക് എഞ്ചിനിയര്‍ തുടങ്ങിയ തസ്തികകളിലെ നിയമനങ്ങളാണ് പി.എസ്.സിക്കു വിടുന്നത്. ആചാരങ്ങളുമായി ബന്ധപ്പെട്ട ശാന്തി, കഴകം തുടങ്ങിയവയിലേക്ക് ദേവസ്വം ബോര്‍ഡിന് തന്നെ നിയമനം നടത്താം.
സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ നിയമനം നടത്താന്‍ തയ്യാറാണെന്ന് പി.എസ്.സിയും അറിയിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലെയും ഗുരുവായൂര്‍, കൂടല്‍ മാണിക്യം ദേവസ്വങ്ങളിലേയും നിയമനങ്ങളാണ് നിലവില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പരിധിയിലുള്ളത്.
ദേവസ്വം നിയമനങ്ങള്‍ പി.എസ്.സി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സ്‌പെഷ്യല്‍ റൂള്‍സ് തയാറാക്കണം. മുന്‍ ഇടത് സര്‍ക്കാറിന്റെ കാലത്ത് പി.എസ്.സിക്ക് വിടാന്‍ ആലോചിച്ചതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സ്‌പെഷല്‍ റൂള്‍സ് തയാറാക്കുന്ന നടപടി തുടങ്ങിവെച്ചിരുന്നു. മറ്റു നാല് ദേവസ്വം ബോര്‍ഡുകളിലും ഒന്നും നടന്നില്ല.
പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിയമനം പി.എസ്.സിക്ക് വിടാന്‍ അവര്‍ തയാറായില്ല. ഇനി സ്‌പെഷല്‍ റൂള്‍സ് തയാറാക്കിയശേഷമേ പി.എസ്.സി വഴി നിയമനപ്രക്രിയ ആരംഭിക്കാനാവൂ.
അതിന് ഒരു വര്‍ഷമെങ്കിലും സാവകാശം വേണ്ടിവരുന്ന സാഹചര്യത്തില്‍ നിയമന നടപടികള്‍ മുടങ്ങാതിരിക്കാനാണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വലിപ്പം കുറച്ച് തല്‍ക്കാലത്തേക്ക് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ദേവസ്വം നിയമനം പി.എസ്.സിക്ക് വിടുമെന്നും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടുമെന്നും നേരത്തേ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.