| Saturday, 16th August 2025, 7:15 pm

സൂപ്പര്‍ കിങ്‌സിന് ജാക്ക്‌പോട്ട്; കങ്കാരുക്കുഞ്ഞിനെ അടിച്ച് സ്‌റ്റേഡിയത്തിന് പുറത്തിട്ടു; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്നാം മത്സരത്തിലും ഡെവാള്‍ഡ് ബ്രെവിസ് തന്റെ കരുത്ത് കാട്ടിയിരിക്കുകയാണ്. കസാലിസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായാണ് ബ്രെവിസ് തിളങ്ങിയത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ താരം സെഞ്ച്വറിയും നേടിയിരുന്നു.

26 പന്തില്‍ 53 റണ്‍സടിച്ചാണ് താരം മടങ്ങിയത്. 200+ സ്‌ട്രൈക്ക് റേറ്റില്‍ വെടിക്കെട്ട് നടത്തിയ താരം ആറ് സിക്‌സറും ഒരു ഫോറും അടിച്ചെടുത്തു. ഇതില്‍ ഒരു സിക്‌സറിന്റെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.

ഇടംകയ്യന്‍ പേസര്‍ ബെന്‍ ഡ്വാര്‍ഷിയസിനെതിരെ താരം നേടിയ സിക്‌സറാണ് ചര്‍ച്ചയാകുന്നത്. ബാക്ക്‌വാര്‍ഡ് സ്‌ക്വയറിന് മുകളിലൂടെ താരം പറത്തിയ ഷോട്ട് സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണ് ചെന്ന് പതിച്ചത്.

താരത്തിന്റെ ഈ സിക്‌സറിന്റെ വീഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയടക്കം തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പങ്കുവെച്ചിട്ടുണ്ട്. ‘ഓഹ് മൈ ഗുഡ്‌നെസ്സ്, ഡെവാള്‍ഡ് ബ്രെവിസ് എന്തൊരു പ്ലെയറാണ്’ എന്ന ക്യാപ്ഷനോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ സിക്‌സറിന്റെ വീഡിയോ പങ്കുവെച്ചത്.

താരത്തിന്റെ പ്രകടനത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരും ഏറെ ത്രില്ലിലാണ്. കഴിഞ്ഞ സീസണിന്‍രെ മധ്യത്തില്‍ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ച താരമാണ് ബ്രെവിസ്. പരിക്കേറ്റ ഗുര്‍ജാപ്‌നീത് സിങ്ങിന് പകരക്കാരനായാണ് ബ്രെവിസിനെ സി.എസ്.കെ സ്വന്തമാക്കിയത്.

അതേസമയം, ബ്രെവിസിന്റെ സെഞ്ച്വറി കരുത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും വിജയം സ്വന്തമാക്കാന്‍ മാത്രം പ്രോട്ടിയാസിന് സാധിച്ചില്ല. എട്ട് വിക്കറ്റിനാണ് ആതിഥേയര്‍ വിജയിച്ചുകയറിയത്. സീരീസ് ഡിസൈഡര്‍ മാച്ചിലെ വിജയത്തോടെ പരമ്പര സ്വന്തമാക്കാനും ഓസീസിനായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി.

ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രവും റിയാന്‍ റിക്കല്‍ടണും നിരാശപ്പെടുത്തിയപ്പോള്‍ ബ്രെവിസിന് പുറമെ റാസി വാന്‍ ഡെര്‍ ഡസന്‍ മികച്ച പ്രകടനം നടത്തി. 26 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്.

ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (23 പന്തില്‍ 25), ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് (15 പന്തില്‍ 24) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഓസ്‌ട്രേലിയക്കായി നഥാന്‍ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദം സാംപയും ജോഷ് ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെ കരുത്തില്‍ ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറിയുമായി ഓസീസ് തിളങ്ങി.

എന്നാല്‍ എട്ടാം ഓവറിലെ അവസാന പന്തില്‍ ട്രാവിസ് ഹെഡ് മടങ്ങിയതോടെ ആതിഥേയരുടെ താളം പിഴച്ചു. 18 പന്തില്‍ 19 റണ്‍സാണ് ഹെഡ് നേടിയത്. പിന്നാലെയെത്തിയ ജോഷ് ഇംഗ്ലിസ് ഗോള്‍ഡന്‍ ഡക്കായും മടങ്ങി. 37 പന്തില്‍ 54 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷിനെ മടക്കി ക്വേന മഫാക്ക ഓസീസിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.

കാമറൂണ്‍ ഗ്രീന്‍ ഒമ്പത് റണ്‍സിനും ടിം ഡേവിഡ് 17 റണ്‍സിനും മടങ്ങിയതോടെ സന്ദര്‍ശകര്‍ വിജയം മണത്തു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്ന അതികായനെ മറികടക്കാന്‍ പ്രോട്ടിയാസിന് സാധിച്ചില്ല.

കൂടുതല്‍ പന്തുകള്‍ നേരിട്ട് റണ്‍സടിക്കുക എന്നത് മാത്രമായിരുന്നു മാക്‌സിയുടെ ലക്ഷ്യം. മറുവശത്തുള്ളവര്‍ ഒരു റണ്ണിനും പൂജ്യം റണ്ണിനും മടങ്ങിയപ്പോഴും മാക്‌സി ചെറുത്തുനിന്നു.

അവസാന ഓവറില്‍ വിജയിക്കാന്‍ പത്ത് റണ്‍സായിരുന്നു ആതിഥേയര്‍ക്ക് വേണ്ടിയിരുന്നത്. ലുങ്കി എന്‍ഗിഡിയെ രണ്ട് ഫോറടിച്ച മാക്‌സ്‌വെല്‍ ഒരു പന്ത് ശേഷിക്കെ ഓസീസിന് വിജയവും പരമ്പരയും സമ്മാനിക്കുകയായിരുന്നു.

36 പന്തില്‍ പുറത്താകാതെ 62 റണ്‍സാണ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്.

Content Highlight: Dewald Brevis hit a whooping sixer against Ben Dwarshuis

We use cookies to give you the best possible experience. Learn more