| Tuesday, 12th August 2025, 5:44 pm

കങ്കാരുക്കളെ തല്ലിയൊതുക്കി ബ്രെവിസ്; തിരുത്തിയത് സൗത്ത് ആഫ്രിക്കയുടെ തന്നെ ചരിത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്ക – ഓസ്‌ട്രേലിയ ടി – 20 പരമ്പരയില്‍ മിന്നും പ്രകടനവുമായി പ്രോട്ടിയാസ് യുവതാരം ഡെവാള്‍ഡ് ബ്രെവിസ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് താരം വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തിരുന്നു.

അതില്‍ 125 റണ്‍സും ബ്രെവിസിന്റെ ബാറ്റില്‍ നിന്നായിരുന്നു. വെറും 56 പന്തുകള്‍ നേരിട്ടായിരുന്നു താരത്തിന്റെ പ്രകടനം. ബാക്കിയുള്ള എല്ലാ താരങ്ങളും കൂടി നേടിയതാകട്ടെ 93 റണ്‍സും. സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി സന്ദര്‍ശകര്‍ പതറുന്നതിനിടെയാണ് ബ്രെവിസ് ബാറ്റിങ്ങിനെത്തിയത്. അവിടെന്ന് അങ്ങോട്ട് താരം ടീമിന്റെ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ചു.

ഒപ്പം നിന്നവരൊക്കെ ഒന്നൊന്നായി കൂടാരം കയറിയപ്പോഴും ബ്രെവിസ് പതറാതെ പിടിച്ചു നിന്നു. കങ്കാരുക്കളെ അടിച്ച് പഞ്ചറാക്കി ബ്രെവിസ് തന്റെ കന്നി ടി – 20 സെഞ്ച്വറി സ്വന്തമാക്കി. മെല്ലെയാണ് തന്റെ ബാറ്റിങ് തുടങ്ങിയതെങ്കിലും താരം നേരിട്ട 41ാം പന്തില്‍ തന്നെ മൂന്നക്കം കടന്നിരുന്നു. എന്നിട്ടും തന്റെ ബാറ്റിങ് നിര്‍ത്താന്‍ താരം തയ്യാറായില്ല. ഓവറുകള്‍ അവസാനിക്കുമ്പോള്‍ താരം തന്റെ ഇന്നിങ്‌സിലേക്ക് ഒരു 25 റണ്‍സ് കൂടെ ചേര്‍ത്തിരുന്നു. എട്ട് സിക്സറും 12 ഫോറും അടങ്ങിയതായിരുന്നു ബ്രെവിസിന്റെ സംഹാര താണ്ഡവം.

ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടവും ബ്രെവിസിന് സ്വന്തം അക്കൗണ്ടിലാക്കാനായി. സൗത്ത് ആഫ്രിക്കയ്ക്കായി ടി – 20യില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനാണ് ബ്രെവിസിന് സാധിച്ചത്.

ടി – 20യില്‍ സൗത്ത് ആഫ്രിക്കക്കായി സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരങ്ങള്‍, പ്രായം

ഡെവാള്‍ഡ് ബ്രെവിസ് – 22 വയസ് 105 ദിവസം

റിച്ചാര്‍ഡ് ലെവി – 24 വയസ് 36 ദിവസം

ഡേവിഡ് മില്ലര്‍ – 28 വയസ് 141 ദിവസം

ബ്രെവിസ് പുറമെ, ട്രിസ്റ്റന്‍ സ്റ്റബ്‌സ് മാത്രമാണ് സൗത്ത് ആഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 22 പന്തുകള്‍ നേരിട്ട താരം 31 റണ്‍സാണ് നേടിയത്. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല.

അതേസമയം, ഓസ്‌ട്രേലിയ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഏഴ് ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്. ടിം ഡേവിഡും ഗ്ലെന്‍ മാക്‌സ് വെല്ലുമാണ് കങ്കാരുക്കള്‍ക്കായി ക്രീസിലുള്ളത്. മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.

സൗത്ത് ആഫ്രിക്കക്കായി കോര്‍ബിന്‍ ബോഷ്, എയ്ഡന്‍ മാര്‍ക്രം, ക്വേന മഫാക്ക എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

Content Highlight: Dewald Brevis became youngest South African to score a T20I century

We use cookies to give you the best possible experience. Learn more