ഓസ്‌ട്രേലിയക്കെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി സൗത്ത് ആഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ്. സൗത്ത് ആഫ്രിക്കയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടി – 20 മത്സരത്തിലാണ് താരം മിന്നും പ്രകടനം കാഴ്ച വെച്ചത്. കുട്ടി ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടിയാണ് പ്രോട്ടിയാസിനെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തിരുന്നു. അതില്‍ ഭൂരിഭാഗം റണ്‍സും നേടിയത് ബ്രെവിസായിരുന്നു. 56 പന്തുകളില്‍ നിന്ന് 125 റണ്‍സ് നേടിയാണ് താരം കങ്കാരുക്കളെ തല്ലിയൊതുക്കിയത്. എട്ട് സിക്സറും 12 ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ പ്രകടനം.
സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന നിലയിലാണ് ബ്രെവിസ് ബാറ്റിങ്ങിനെത്തിയത്. അവിടെന്ന് അങ്ങോട്ട് താരം ടീമിന്റെ പോരാട്ടത്തിന് നേതൃത്വം ഏറ്റെടുത്തു. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഒട്ടും പതറാതെയായിരുന്നു താരത്തിന്റെ ബാറ്റിങ്.
പതുക്കെ ബാറ്റിങ് തുടങ്ങിയ താരം താന്‍ നേരിട്ട 41ാം പന്തില്‍ തന്നെ മൂന്നക്കം കടന്നിരുന്നു. ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടവും ബ്രെവിസിന് സ്വന്തമാക്കി. സൗത്ത് ആഫ്രിക്കയ്ക്കായി ടി – 20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരാമനാകാനാണ് 22 കാരന് സാധിച്ചത്.
(താരം – സ്‌കോര്‍ – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
ഡെവാള്‍ഡ് ബ്രെവിസ് – 125* – ഓസ്‌ട്രേലിയ – ഡാര്‍വിന്‍ – 2025
ഫാഫ് ഡു പ്ലെസിസ് – 119 – വെസ്റ്റ് ഇന്‍ഡീസ് – ജോഹന്നാസ്‌ബെര്‍ഗ് – 2015
റിച്ചാര്‍ഡ് ലെവി – 117* – ന്യൂസിലാന്‍ഡ് – ഹാമില്‍ട്ടണ്‍ – 2012
റീസ ഹെന്‍ഡ്രിക്‌സ് – 117 – പാകിസ്ഥാന്‍ – സെഞ്ചുറിയന്‍ – 2024
ബ്രെവിസിന് പുറമെ, ട്രിസ്റ്റന്‍ സ്റ്റബ്‌സ് മാത്രമാണ് സൗത്ത് ആഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 22 പന്തുകള്‍ നേരിട്ട താരം 31 റണ്‍സാണ് നേടിയത്. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല.
അതേസമയം, സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 165 റണ്‍സിന് പുറത്തായി. അതോടെ പ്രോട്ടിയാസ് 53 റണ്‍സിന്റെ വിജയം സ്വന്തമാക്കി. വെടിക്കെട്ട് ബാറ്റര്‍ ടിം ഡേവിഡ് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല. 26 റണ്‍സെടുത്ത അലക്‌സ് കാരിയും 22 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ഒഴികെ മറ്റാരും മികച്ച പ്രകടനം നടത്താനായില്ല.
സൗത്ത് ആഫ്രിക്കക്കായി കോര്‍ബിന്‍ ബോഷും യുവതാരം ക്വേന മഫാക്കയും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ലുങ്കി എന്‍ഗിഡി, കാഗിസോ റബാദ, എയ്ഡന്‍ മാര്‍ക്രം, എന്‍കബ പീറ്റര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Dewald Brevis became the South Africa batter to score highest runs in T20 cricket surpassing Faf Du Plessis