| Friday, 15th August 2025, 11:35 am

പുണ്യസ്ഥലത്തെ അപകീര്‍ത്തിപ്പെടുത്തുന്നു, ധര്‍മസ്ഥലക്ക് ഐക്യദാര്‍ഢ്യവുമായി മൈസൂരുവില്‍ കോണ്‍ഗ്രസ്- ബി.ജെ.പി പിന്തുണയോടെ റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൈസൂരു: ധര്‍മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തെയും അതിന്റെ സംരക്ഷകരായ വീരേന്ദ്ര ഹെഗ്‌ഡേയുടെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്നും ആരോപിച്ച് മൈസൂരുവില്‍ റാലി. വനിതകളുടെ പങ്കാളിത്തത്തോടെയാണ് നിരവധി സംഘടനകള്‍ ‘ജനാഗ്രഹ’ റാലി സംഘടിപ്പിച്ചത്.

ധര്‍മസ്ഥലയിലും പരിസരപ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊന്ന നിരവധി പെണ്‍കുട്ടികളെ താന്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന് മുന്‍ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ എസ്.ഐ.ടി അന്വേഷണം നടത്തുന്നതിനിടെയാണ് ശ്രീ ധര്‍മസ്ഥല ക്ഷേത്ര അഭിമാനഗിലെ വേദിഗ പ്രതിഷേധം സംഘടിപ്പിച്ചത്.

സിദ്ധാര്‍ത്ഥനഗറിലെ ഗുരു ഭവനില്‍ നിന്നാരംഭിച്ച റാലി ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് പരിസരത്ത് സമാപിച്ചു. അജ്ഞാതവ്യക്തിയെ ഉപയോഗിച്ച് ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് കമ്മീണറര്‍ക്ക് ഇവര്‍ നിവേദനം നല്‍കുകയും ചെയ്തു. ക്ഷേത്രത്തിന് കളങ്കം വരുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഭക്തര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

‘ധര്‍മസ്ഥലയിലെ ക്ഷേത്ര ഭക്തരുടെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തും, വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിട്ടും ക്ഷേത്രത്തെയും വീരേന്ദ്ര ഹെഗ്‌ഡേയെയും മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്’ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പ്രതിഷേധക്കാര്‍ കുറിച്ചു.

ഗൂഢാലോചനക്കാരുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും നിലവിലെ പ്രത്യേക അന്വേഷണസംഘത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ധര്‍മസ്ഥ ക്ഷേത്രത്തിനും വീരേന്ദ്ര ഹെഗ്‌ഡേക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

മൈസുരു സിറ്റി ബി.ജെ.പി പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ നാഗേന്ദ്ര റാവു, ഹിന്ദു പുണ്യക്ഷേത്ര സംരക്ഷണ സമിതി ചെയര്‍മാന്‍ എം.കെ. പ്രേം കുമാര്‍, മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശിവണ്ണ, മുന്‍ മേയര്‍ സന്ദേശ് സ്വാമി, ശിവകുമാര്‍, മുഡ മുന്‍ ചെയര്‍മാന്‍ എച്ച്.വി രാജീവ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് മല്ലേഷ് എന്നിവരാണ് റാലിക്ക് നേതൃത്വം നല്‍കിയത്.

Content Highlight: Devotees conducted Rally in Mysuru for supporting Veerendra Hegde

We use cookies to give you the best possible experience. Learn more