സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ വിജയം. സെഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 68 റണ്‍സിനാണ് കിവികള്‍ വിജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയിലാണ്. 2026 ടി-20 ലോകകപ്പ് ഫൈനലിന് ശേഷം കിവീസ് നേടുന്ന ആദ്യ വിജയമാണിത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ 175 റണ്‍സാണ് അടിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ പോരാട്ടം 15.3 ഓവറില്‍ 107 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
കിവീസിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ ആയിരുന്നു. 49 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം സ്വന്തമാക്കിയത്. ടീമിന്റെ ടോപ് സ്‌കോററും കൂടിയാണ് കോണ്‍വേ.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ഏകദിനത്തില്‍ 42 ഇന്നിങ്‌സില്‍ നിന്ന് 1692 റണ്‍സും ടെസ്റ്റില്‍ 60 ഇന്നിങ്‌സില്‍ നിന്ന് 2533 റണ്‍സും ടി-20യില്‍ 1800 റണ്‍സുമാണ് കോണ്‍വേയുടെ സമ്പാദ്യം.
മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസന്‍, ബെന്‍ സീര്‍സ് എന്നിവരുടെ ബൗളിങ് മികവാണ് കിവികള്‍ക്ക് ജയമൊരുക്കിയത്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കോള്‍ മക്കോന്‍കി, ജെയിംസ് നീഷം എന്നിവര്‍ ഓരോ വിക്കറ്റും നേടി.
12 പന്തില്‍ 3 വീതം സിക്സും ഫോറും സഹിതം 33 റണ്‍സടിച്ച ജോര്‍ജ് ലിന്‍ഡാണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വിയാന്‍ മള്‍ഡര്‍ (16), റുബിന്‍ ഹെര്‍മാന്‍ (19), ജെയ്‌സന്‍ സ്മിത്ത് (12), ഡിയാന്‍ ഫോറസ്റ്റര്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
Content Highlight: Devon Conway Complete 6000 Runs In International Cricket