| Wednesday, 3rd June 2020, 4:27 pm

ദേവികയുടെ ആത്മഹത്യ വേദനാജനകമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഓണ്‍ലൈന്‍ പഠനം സാധ്യമാകാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമെന്ന് ഹൈക്കോടതി. സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസ് വര്‍ധിപ്പിച്ചതിനെതിരായ ഹരജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.

സംഭവം പൊതുതാല്‍പ്പര്യമുള്ള വിഷയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്‌ക്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഡി.ഡി.ഇ അറിയിച്ചു.

ക്ലാസ് അധ്യാപകന്‍ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നെന്നും അഞ്ചാം തിയ്യതിക്കകം സ്‌കൂളില്‍ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡി.ഡി.ഇയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഡി.ഡി.ഇ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി.

അതേസമയം വിദ്യാലയത്തില്‍ ദേവികയടക്കം ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇരുമ്പിളിയം ജി.എച്ച്.എ.എസ്.എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു ദേവിക.

വീട്ടിലെ ടെലിവിഷന്‍ കേടായതിനാല്‍ ദേവികയ്ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായിരുന്നില്ല. അതിന്റെ വിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയത് എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വൈകീട്ടാണ് വളാഞ്ചേരി മാങ്കേരി ദളിത് കോളനിയില്‍ വീടിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

കേടായ ടി.വി നന്നാക്കാന്‍ സാധിക്കാത്തതിനാലും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാലും കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ വിഷമം കുട്ടി പറഞ്ഞിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. നന്നായി പഠിക്കുമായിരുന്ന കുട്ടിക്ക് വിദ്യാഭ്യാസം തടസപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more