| Tuesday, 9th June 2026, 3:11 pm

ആ സുഹൃത്തിന് അഭിനയത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല, അങ്ങനെ ആ അവസരം എനിക്ക് ലഭിച്ചു: ദേവികാ സഞ്ജയ്

നന്ദന എം.സി

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന നടി ദേവിക സഞ്ജയ് തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ദേവിക, അഭിനയരംഗത്തേക്ക് എത്തിപ്പെട്ടത് യാദൃശ്ചികമായൊരു സംഭവത്തിലൂടെയാണെന്ന് വെളിപ്പെടുത്തി.

ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ദേവികയുടെ ഏറ്റവും പുതിയ ചിത്രമാണ് സുഖമാണോ സുഖമാണ്. യുവതാരം മാത്യു തോമസ് നായകനായെത്തിയ ചിത്രത്തിൽ ദേവികയുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.

ദേവികാ സഞ്ജയ്, Photo: X.com

കുട്ടിക്കാലം മുതൽ തന്നെ സിനിമയായിരുന്നു തന്റെ സ്വപ്നമെന്ന് ദേവിക പറയുന്നു. സ്‌കൂൾ പഠനകാലത്ത് നാടകങ്ങൾ എഴുതി അവതരിപ്പിക്കാറുണ്ടായിരുന്നുവെന്നും കലാരംഗത്തോടുള്ള താത്പര്യം അന്നേ വളർന്നുവന്നിരുന്നുവെന്നും താരം വ്യക്തമാക്കി. അഭിനയത്തിലേക്കുള്ള ആദ്യ അവസരം ലഭിച്ചതിന് പിന്നിലെ കൗതുകകരമായ സംഭവവും ദേവിക പങ്കുവെച്ചു.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ അധ്യാപികയായ രേണുക ടീച്ചറാണ് ഒരു സിനിമാ അവസരത്തെക്കുറിച്ച് അറിയിച്ചതെന്ന് ദേവിക പറയുന്നു.

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരമുണ്ടെന്ന് ടീച്ചർ ആദ്യം ദേവികയുടെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു.

എന്നാൽ ആ സുഹൃത്തിന് അഭിനയത്തിൽ താത്പര്യമില്ലാതിരുന്നതിനാൽ അവൾ ദേവികയുടെ പേര് നിർദേശിച്ചു. അങ്ങനെ പല ഘട്ടങ്ങളിലൂടെ കടന്നാണ് ആ അവസരം ഒടുവിൽ ദേവികയെ തേടിയെത്തിയത്.

സിനിമയിൽ എത്തിയ ശേഷം അവസരങ്ങൾ കൂടുതലായും തന്നെ തേടിയെത്തിയതാണെന്നും, അതേസമയം ഓഡിഷനുകളിലും സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നും ദേവിക വ്യക്തമാക്കി.

ഞാൻ പ്രകാശൻ, Photo: X.com

അഭിനയമാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള മേഖലയെന്നും ജീവിതകാലം മുഴുവൻ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

‘എപ്പോഴും സിനിമ ചെയ്തുകൊണ്ടേയിരിക്കണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. കാരണം എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് അഭിനയമാണ്.

ഒരുതരം കഥാപാത്രത്തിൽ മാത്രം ഒതുങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും അവതരിപ്പിക്കാൻ കഴിയുന്ന നടിയായി മാറണമെന്നാണ് ലക്ഷ്യം,’ എന്നാണ് ദേവിക പറഞ്ഞത്.

Content Highlight: Devika Sanjay talks about her journey into acting

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more