‘ഞാൻ പ്രകാശൻ’, ‘മകൾ’ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദേവിക സഞ്ജയ്. അഭിനയ രംഗത്ത് വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്തിട്ടുണ്ടെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സ്വന്തം ഇടം കണ്ടെത്താൻ ദേവികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ‘സുഖമാണോ സുഖമാണ്’ എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയത്. മാത്യു തോമസ് നായകനായി എത്തിയ ചിത്രത്തിലെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ തന്റെ കുടുംബത്തിന്റെ പിന്തുണയെ കുറിച്ചും സിനിമയിലേക്കുള്ള യാത്രയെ കുറിച്ചും സംസാരിക്കുകയാണ് ദേവിക. പഠനകാലത്ത് അഭിനയത്തിനായി ദീർഘകാലം അവധി എടുത്ത് പോയിട്ടും കുടുംബം ഒരിക്കലും എതിർത്തിട്ടില്ലെന്നാണ് താരം പറയുന്നത്.
ദേവിക സഞ്ജയ്, Photo: YouTube/ Screengrab
അമ്മ ശ്രീലത, അച്ഛൻ സഞ്ജയ്, അനിയൻ ദേവാനന്ദ് എന്നിവരടങ്ങുന്നതാണ് ദേവികയുടെ കുടുംബം. കൊയിലാണ്ടിയാണ് സ്വദേശം. കുടുംബത്തിൽ നിന്ന് ലഭിച്ച പിന്തുണയാണ് തന്റെ സിനിമാ യാത്രയ്ക്ക് വലിയ കരുത്തായതെന്ന് ദേവിക പറയുന്നു.
‘കുടുംബം വലിയ പിന്തുണ നൽകുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾപ്പോലും രണ്ടും മൂന്നും മാസം അവധിയെടുത്ത് അഭിനയിക്കാൻ പോയിട്ടും അവർ എതിർത്തില്ല. അച്ഛന് സിനിമ ഒരുപാട് ഇഷ്ടമാണ്. ആ ഇഷ്ടമാണ് എനിക്കും കിട്ടിയതെന്ന് തോന്നുന്നു,’ ദേവിക പറഞ്ഞു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഞാൻ പ്രകാശൻ’ ആയിരുന്നു ദേവികയുടെ ആദ്യ സിനിമ. ആ ചിത്രം തന്റെ കരിയറിലെ വലിയൊരു തുടക്കമായിരുന്നുവെന്നും പിന്നീട് ലഭിച്ച നിരവധി അവസരങ്ങൾക്ക് വഴിയൊരുക്കിയത് ആ സിനിമയാണെന്നും താരം പറയുന്നു.
‘ഞാൻ പ്രകാശൻ’ ആണ് ആദ്യ സിനിമ. അത് എന്നെ സംബന്ധിച്ച് വലിയൊരു ഓപ്പണിങ് ആയിരുന്നു. മറ്റു സിനിമകളിലേക്ക് അവസരം തന്നതും ആ സിനിമയാണ്,’ ദേവിക വ്യക്തമാക്കി.
ഞാൻ പ്രകാശൻ, Photo: IMDb
പിന്നീട് സത്യൻ അന്തിക്കാടിന്റെ തന്നെ ‘മകൾ’ എന്ന ചിത്രത്തിലും അഭിനയിക്കാൻ അവസരം ലഭിച്ചു. സിനിമയിൽ പുതുമുഖവും പ്രായം കുറഞ്ഞയാളുമായിരുന്നിട്ടും സത്യൻ അന്തിക്കാട് തന്റെ അഭിപ്രായങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നുവെന്ന് ദേവിക ഓർക്കുന്നു.
‘സിനിമയിൽ പുതിയ ആളും ചെറിയ കുട്ടിയുമായിരുന്നിട്ടുകൂടി അദ്ദേഹം എന്റെ അഭിപ്രായങ്ങളെ മാനിക്കുകയും സ്വീകരിക്കുകയും ചെയ്തു. ‘ഇഷ്ടമുള്ളതുപോലെ ചെയ്തു നോക്കൂ, ബാക്കി നമുക്ക് നോക്കാം’ എന്നാണ് അദ്ദേഹം പറയുക,’ ദേവിക പറഞ്ഞു.
‘മകൾ’ സിനിമയിലൂടെ അഖിൽ സത്യന്റെയും അനൂപ് സത്യന്റെയും കൂടെ പ്രവർത്തിക്കാനും അവസരം ലഭിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. തന്റെ സിനിമാ ജീവിതത്തിന് മികച്ച തുടക്കം സമ്മാനിച്ച സത്യൻ അന്തിക്കാടിനോട് എന്നും കടപ്പാടുണ്ടെന്നും ദേവിക വ്യക്തമാക്കി.
ഇതുവരെ നാല് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെന്നും പഠന തിരക്കുകൾ കാരണം കൂടുതൽ സിനിമകൾ ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്നും ദേവിക പറഞ്ഞു. നിലവിൽ ബിരുദാനന്തര ബിരുദ പഠന വിദ്യാർത്ഥിനിയാണ് താരം. പഠനവും അഭിനയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് തന്റെ ശ്രമമെന്നും ദേവിക വ്യക്തമാക്കി.
Content Highlight: Devika Sanjay says she has a lot of support from home for acting.