| Monday, 8th June 2026, 9:44 am

ബക്കറ്റ് സ്റ്റാര്‍ വീണ, വിറളി സ്റ്റാര്‍ ഫഹദ്... ഈ ലിസ്റ്റിലെ പുതിയ എന്‍ട്രിയായി മാറാരോഗം സ്റ്റാര്‍ ദേവിക സഞ്ജയ്

അമര്‍നാഥ് എം.

സിനിമയിലെ പ്രധാന കഥാപാത്രത്തിന് ചേരാത്ത രീതിയില്‍ എന്‍ഡിങ് നല്‍കുന്നത് പലപ്പോഴും വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. വലിയ ഹൈപ്പില്‍ കെട്ടിയെഴുന്നള്ളിക്കുന്ന കഥാപാത്രങ്ങള്‍ക്ക് അതിന്റെ പ്രാധാന്യം നല്‍കാത്തത് എഴുത്തുകാരുടെയും സംവിധായകരുടെയും പരാജയമായാണ് കണക്കാക്കാറുള്ളത്.

സോഷ്യല്‍ മീഡിയയുടെ കടന്നുവരവോട് കൂടി ഇത്തരം കഥാപാത്രങ്ങള്‍ ട്രോള്‍ മെറ്റീരിയലായി മാറി. സൂപ്പര്‍താരങ്ങള്‍ മുതല്‍ ചെറിയ ആര്‍ട്ടിസ്റ്റുകള്‍ വരെ ഇത്തരം ട്രോളുകള്‍ക്ക് ഇരയാകാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മൂന്ന് സിനിമകളിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ട്രോളന്മാര്‍ നല്‍കിയ വിളിപ്പേരാമ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ദൃശ്യം 3യിലാണ് ഇത്തരമൊരു ട്രോള്‍ ആദ്യമായി ലഭിച്ചത്. ചിത്രത്തില്‍ വീണ നന്ദകുമാര്‍ അവതരിപ്പിച്ച യാമി എന്ന കഥാപാത്രം ട്രോളന്മാരുടെ ഇരയായി മാറി. ആദ്യപകുതിയില്‍ എന്തൊക്കെയോ ചെയ്ത് മലമറിക്കുമെന്ന പ്രതീതി തന്ന കഥാപാത്രത്തിന് രണ്ടാം പകുതിയില്‍ ഒരു റോളുമില്ലാതായി. പ്രധാനപ്പെട്ട രണ്ട് സീനിലും ബക്കറ്റുമായി വന്ന് നിന്നതോടെ ബക്കറ്റ് സ്റ്റാര്‍ എന്ന വിളിപ്പേര് വീണക്ക് ലഭിച്ചു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ പേട്രിയറ്റിലെ ഫഹദിന്റെ കഥാപാത്രമാണ് രണ്ടാമത്തേത്. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ വില്ലനായാണ് ഫഹദ് വേഷമിട്ടത്. എന്നാല്‍ ഇത്രയും വലിയ സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ എഴുതിവെച്ചത് വന്‍ കോമഡിയായിരുന്നു.

സ്‌ക്രീനില്‍ വരുന്ന സമയത്തെല്ലാം അലറുകയും വിറളി പിടിച്ചതുപോലെ നടക്കുകയുമാണ് ഫഹദ് അവതരിപ്പിച്ച ശക്തി എന്ന കഥാപാത്രം. പേട്രിയറ്റിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ ഫഹദിന്റെ കഥാപാത്രത്തിന് വിറളി സ്റ്റാര്‍ എന്ന വിളിപ്പേരും ട്രോളന്മാര്‍ സമ്മാനിച്ചു. ചിത്രത്തില്‍ ഫഹദിന്റെ ഡീ ഏജ് ചെയ്ത ലുക്കും ട്രോള്‍ മെറ്റീരിയലായിരുന്നു.

കഴിഞ്ഞദിവസം ഒ.ടി.ടി റിലീസായെത്തിയ സുഖമാണോ സുഖമാണ് എന്ന ചിത്രത്തില്‍ ദേവിക സഞ്ജയ് അവതരിപ്പിച്ച കഥാപാത്രമാണ് മൂന്നാമത്തേത്. മാത്യു തോമസ് നായകനായെത്തിയ ചിത്രത്തില്‍ ചാരു എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിച്ചത്. ബന്ധുക്കളാരുമില്ലാത്ത ചാരു എന്ന കഥാപാത്രത്തിന് ഒരു രോഗമുണ്ടെന്ന് സിനിമയില്‍ പറയുന്നു.

വളരെ കുറച്ച് നാളുകള്‍ മാത്രമേ താന്‍ ജീവനോടെയുണ്ടാകുള്ളൂ എന്നും അതിന് മുമ്പ് തനിക്ക് എവിടെയെങ്കിലും ബന്ധുക്കളുണ്ടെങ്കില്‍ അവരെ കണ്ടുപിടിക്കാനാണ് പ്ലാനെന്നും ചാരു എന്ന കഥാപാത്രം പറയുന്നുണ്ട്. ഈ സിനിമയുടെ ഒ.ടി.ടി റിലീസിന് പിന്നാലെ ദേവികക്ക് ‘മാറാരോഗം സ്റ്റാര്‍’ എന്ന വിളിപ്പേര് ലഭിച്ചിരിക്കുകയാണ്. ആദ്യചിത്രമായ ഞാന്‍ പ്രകാശനിലും ദേവികയുടെ കഥാപാത്രത്തിന് ഇത്തരത്തില്‍ മാറാരോഗമുണ്ടായിരുന്നു. താരം ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

Content Highlight: Devika Sanjay’s character in Sukhamano Sukhamanau movie getting trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more