| Monday, 26th October 2026, 9:17 pm

199ല്‍ വീണ് പടിക്കല്‍, അമ്പയറിന്റെ തീരുമാനത്തില്‍ ഞെട്ടല്‍, ചാലഞ്ച് ചെയ്യാന്‍ അവസരമില്ലാതെ പുറത്തേക്ക്

ദേവിക ജയചന്ദ്രന്‍

ലിങ്കണില്‍ ന്യൂസിലാന്‍ഡ് എയ്‌ക്കെതിരെ നടക്കുന്ന ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടി 199 റണ്‍സെടുത്ത് ദേവദത്ത് പടിക്കല്‍. ഫോര്‍ ഡേ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലാണ് ദേവദത്ത് ഇരട്ട സെഞ്ച്വറിയ്ക്ക് തൊട്ടടുത്ത് വീണത്.

അമ്പയറുടെ വിവാദമായ തീരുമാനത്തിലാണ് ദേവദത്ത് പുറത്തായത്. സാക് ഗിബ്‌സണിന്റെ പന്തില്‍ കീപ്പര്‍ മിച്ചല്‍ ഹെയക്ക് ക്യാച്ച് നല്‍കിയാണ് ദേവദത്തിന്റെ മടക്കം. എന്നാല്‍ ബാറ്റും പന്തുമായി കണക്ഷന്‍ ഉണ്ടായിട്ടില്ലെന്നത് റീപ്ലെയില്‍ വ്യക്തമായിരുന്നു.

ബൗളറുടെ ഭാഗത്ത് നിന്നും അപ്പീല്‍ വരികയും അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. അനൗദ്യോഗിക മത്സരമായതിനാല്‍ ഡി.ആര്‍.എസ് ലഭ്യമായിരുന്നില്ല. അമ്പയറുടെ തീരുമാനം വിശ്വസിക്കാനാകാതെ ഇന്ത്യന്‍ താരം നിരാശനായി പിച്ചില്‍ നിന്നു.

എന്നാല്‍ താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 284 റണ്‍സിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ ന്യൂസിലാന്‍ഡ് 113 റണ്‍സിന് ഓള ഔട്ടാക്കിയിരുന്നു. ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത് യഷ് റാത്തോഡും ദേവദത്ത് പടിക്കലും യശസ്വി ജയ്‌സ്വാളും മാത്രമായിരുന്നു.

ന്യൂസിലാന്‍ഡിന് വേണ്ടി സിമോണ്‍ കീന്‍ അഞ്ച് വിക്കറ്റും സാക്ക് ഗിബ്‌സണ്‍ മൂന്ന് വിക്കറ്റും ക്രിസ്റ്റിയന്‍ ക്ലാര്‍ക്കും ഫ്രേസര്‍ ഷീറ്റും ഓരോ വിക്കറ്റ് വീതവും നേടി.

റൈസ് മരിയുവിന്റെയും ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 317 റണ്‍സ് എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ആഖിബ് നബിയും അന്‍ഷുല്‍ കാംബോജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകാശ് ദീപ് രണ്ട് വിക്കറ്റും മുകേഷ് ചൗധരിയും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റും വീതം വീഴ്ത്തി.

രണ്ടാമിന്നിങ്‌സില്‍ സായ് സുദര്‍ശന്‍ 91 റണ്‍സും യഷ് റാത്തോഡ് 66 റണ്‍സും നേടി. എട്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യ എയ്ക്ക് വേണ്ടി 51 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും റണ്‍സൊന്നുമെടുക്കാതെ ആകാശ് ദീപുമാണ് ക്രീസില്‍.

Content Highlight:  Devdutt Padikkal struck a sensational 199 to help India A turn the match on its head against New Zealand A in Lincon.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more