ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പരക്ക് മുന്നോടിയായുള്ള ടെസ്റ്റ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടി ദേവദത്ത് പടിക്കല്‍. കൊളംബോയില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനത്തിലാണ് പടിക്കലിന്റെ സെഞ്ച്വറി നേട്ടം.
121 പന്തില്‍ 103 റണ്‍സാണ് താരം നേടിയത്. 13 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സെഞ്ച്വറി നേടി ക്രീസില്‍ തുടരവെ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 67 പന്തില്‍ 40 റണ്‍സ് നേടി മടങ്ങി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് രാഹുല്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുതറുമാണ്. മൂവരും രണ്ട് വിക്കറ്റ് വീതമാണ് നേടിയത്. ഗുര്‍ണൂര്‍ ഒരു വിക്കറ്റും നേടി തിളങ്ങി.
ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ രാവിന്ദു രാഷന്തയാണ്. 143 പന്തില്‍ 71 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ നിഷാന്‍ മധുഷ്‌ക 65 പന്തില്‍ 66 റണ്‍സും നേടി. സോനല്‍ ദിനുഷ 72 പന്തില്‍ 52 റണ്‍സും സ്വന്തമാക്കി.
പവന്‍ രത്നായകെ 47 പന്തില്‍ 39 റണ്‍സും പസിന്തു സൂര്യബന്ധാര 63 പന്തില്‍ 35 റണ്‍സും രമേശ് മെന്‍ഡിസ് 32 റണ്‍സും നേടി. അഹന്‍ വിക്രമസിന്‍ഹെ 31 റണ്‍സും നേടി മികവ് പുലര്‍ത്തി.
അതേസമയം 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്. പരമ്പരക്ക് മുന്നോടിയായി നാല് യുവ സ്പിന്നര്‍മാരെയും ഇന്ത്യ ടീമില്‍ എത്തിച്ചിട്ടുണ്ട്.. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
റെഡ് ബോളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ലങ്കന്‍ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Content Highlight: Devdutt Padikkal scored a century against Sri Lanka in warmup match