ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറിയുമായി തിളങ്ങിയ ദേവ്ദത്ത് പടിക്കലിന് അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റിലും കമന്റേറ്ററുമായ ആകാശ് ചോപ്ര. ദേവ്ദത്ത് പടിക്കല്‍ ഒരു ദേവദൂതനാണെന്നായിരുന്നു ചോപ്ര പറഞ്ഞത്.
കൂടാതെ പരിക്കില്‍ നിന്നും മുക്തനായി സായ് സുദര്‍ശന്‍ മടങ്ങിയെത്തിയാലും താരത്തിന് പ്ലെയിങ് ഇലവനില്‍ ഉടനെ അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
ആകാശ് ചോപ്ര
കേവലം നാല് ടെസ്റ്റുകളില്‍ നിന്ന് തന്നെ സായ് സുദര്‍ശന്‍ ഏഴ് ടെസ്റ്റുകളില്‍ നേടിയതിനേക്കാള്‍ റണ്‍സ് ദേവ്ദത്ത് സ്വന്തമാക്കിക്കഴിഞ്ഞതായി ചോപ്ര ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദേവ്ദത്ത് പടിക്കല്‍ ഒരു ‘ദേവ്ദൂത്’ (ദൈവദൂതന്‍) ആയിട്ടാണ് എത്തിയിരിക്കുന്നത്. എത്ര മനോഹരമായാണ് അവന്‍ ബാറ്റ് ചെയ്യുന്നത്! എനിക്ക് അവനെ ഒരുപാട് ഇഷ്ടമാണ്. ഡി.ഡി.പി ഒരു മികച്ച ക്രിക്കറ്ററാണ്, തികച്ചും ഒരു ‘ഗണ്‍ പ്ലെയര്‍’ ആണവന്‍.
ദേവ്ദത്ത് പടിക്കല്‍. Photo: BCCI/x.com
ഇതുവരെ ആകെ നാല് മത്സരങ്ങള്‍ മാത്രമാണ് അവന്‍ കളിച്ചത്. എന്നാല്‍ സായ് സുദര്‍ശന്‍ ഏഴ് മത്സരങ്ങളിലെ 12 ഇന്നിങ്‌സുകളില്‍ നിന്ന് നേടിയതിനേക്കാള്‍ റണ്‍സ് അവന്‍ ഇതിനകം നേടി മുന്നിലെത്തിയിരിക്കുകയാണ്.
തുടര്‍ച്ചയായ ടെസ്റ്റുകളില്‍ അവന്‍ രണ്ട് സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. ഇവിടെയൊരു ഓഫ് സ്പിന്നര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും അവന്‍ മികച്ച ഫോമിലായിരുന്നു. ഇനി സായ് തിരിച്ചെത്തിയാലും പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി. സായ്ക്ക് ടീമിലേക്ക് ഉടന്‍ ഒരു സ്ഥാനം ഉണ്ടാകില്ല,’ ആകാശ് ചോപ്ര പറഞ്ഞു.
സായ് സുദര്‍ശന്‍
ടി-20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനൊപ്പം ലോങ്ങര്‍ ഫോര്‍മാറ്റിനായും താരം സ്വയം സജ്ജനായെന്നും മുന്‍ താരം ചൂണ്ടിക്കാട്ടി.
‘ടി-20യില്‍ ഒരു റോക്ക്സ്റ്റാറായി കളിക്കുന്നതോടൊപ്പം തന്നെ ദൈര്‍ഘ്യമേറിയ ക്രിക്കറ്റ് ഫോര്‍മാറ്റിനായും ഒരു മോഡേണ്‍ ബാറ്റര്‍ക്ക് സ്വയം സജ്ജനാകാന്‍ കഴിയുമെന്ന് ദേവ്ദത്ത് പടിക്കല്‍ തെളിയിച്ചിരിക്കുകയാണ്. അവന്‍ ആ ഗണത്തില്‍പ്പെടുന്ന കളിക്കാരനാണ്, തികച്ചും ഗംഭീരന്‍.
ആര്‍.സി.ബിക്ക് വേണ്ടിയും അവന്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. വിരാട് കോഹ്‌ലിയെക്കാള്‍ ആക്രമിച്ചു കളിച്ചുകൊണ്ട് വിരാടുമൊത്ത് അവന്‍ നിരവധി കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി. വിരാട് 125 സ്‌െ്രെടക്ക് റേറ്റില്‍ പോകുമ്പോള്‍, ദേവ്ദത്ത് 200 സ്‌ട്രൈക്ക് റേറ്റിലാണ് മുന്നേറിയത്. അവന്‍ എല്ലാവരുടെയും ജോലി വളരെ എളുപ്പമാക്കി മാറ്റുകയായിരുന്നു.
എന്നാല്‍ ടെസ്റ്റ് കളിക്കാന്‍ വരുമ്പോള്‍, അവന്‍ തികച്ചും ടെസ്റ്റ് ശൈലിയില്‍ തന്നെയാണ് ബാറ്റ് ചെയ്യുന്നത്. ഇത്തവണ ചില അവസരങ്ങള്‍ അവന്‍ കാച്ചിക്കുറുക്കിയെടുത്തു. ഇന്ത്യയുടെ 300/5 എന്ന സ്‌കോറില്‍ അവന്റെ 117 റണ്‍സ് വളരെ നിര്‍ണായകമായിരുന്നു,’ ചോപ്ര പറഞ്ഞു.
Content Highlight: Devdutt Padikkal’s century: Aakash Chopra says Sai Sudarshan’s return to the team won’t be easy