| Sunday, 23rd August 2026, 6:07 pm

മൂന്ന് ഇന്നിങ്‌സില്‍ രണ്ട് സെഞ്ച്വറി; ലങ്ക കീഴടക്കിയ സച്ചിന്റെ റെക്കോഡില്‍ ഇനി ഇവനും

ആദർശ് എം.കെ.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മികച്ച സ്‌കോറുമായി സന്ദര്‍ശകര്‍. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 എന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിച്ചത്.

ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കടുക്കുന്നത്. 193 പന്ത് നേരിട്ട് 117 റണ്‍സുമായാണ് പടിക്കല്‍ കളം വിട്ടത്.

ശ്രീലങ്കന്‍ മണ്ണില്‍ കളിക്കുന്ന മൂന്നാം ഇന്നിങ്‌സിലാണ് രണ്ടാം സെഞ്ച്വറിയുമായി പടിക്കല്‍ തിളങ്ങിയത്. ഗല്ലെയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സിലും പടിക്കലിന്റെ ബാറ്റില്‍ നിന്നും ട്രിപ്പിള്‍ ഡിജിറ്റ് പിറന്നിരുന്നു.

ഗല്ലെയിലെ സെഞ്ച്വറി നേട്ടത്തില്‍ ദേവ്ദത്ത് പടിക്കല്‍. Photo: BCCI/x.com

ഇതോടെ ഒരു നേട്ടത്തിലും പടിക്കല്‍ തന്റെ പേരെഴുതിച്ചേര്‍ത്തിരിക്കുകയാണ്. ശ്രീലങ്കയില്‍ മള്‍ട്ടിപ്പിള്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഡി.ഡി.പി സ്വന്തമാക്കിയത്.

മരതകദ്വീപില്‍ അഞ്ച് സെഞ്ച്വറിയുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ശ്രീലങ്കയില്‍ ഒന്നിലധികം ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 5

വിരേന്ദര്‍ സേവാഗ് – 3

ശിഖര്‍ ധവാന്‍ – 3

ചേതേശ്വര്‍ പൂജാര – 3

വിനോദ് കാംബ്ലി – 2

മുഹമ്മദ് അസറുദ്ദീന്‍ – 2

നവ്‌ജ്യോത് സിങ് സിദ്ധു – 2

വിരാട് കോഹ്‌ലി – 2

അജിന്‍ക്യ രഹാനെ – 2

ദേവ്ദത്ത് പടിക്കല്‍ – 2*

മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു. 108 പന്ത് നേരിട്ട് 50 റണ്‍സുമായാണ് ക്യാപ്റ്റന്‍ മടങ്ങിയത്.

45 റണ്‍സടിച്ച യശസ്വി ജെയ്‌സ്വാളിന്റെയും 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെയും ഇന്നിങ്‌സും ആദ്യ ദിനം ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ആദ്യ ദിനം ശ്രീലങ്കയ്ക്കായി അസിത ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലാഹിരു കുമാരയും കേശര നുവാന്തയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Content Highlight: Devdutt Padikkal joins Sachin Tendulkar in the list of multiple Test centuries in Sri Lanka

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more