| Saturday, 3rd January 2026, 7:41 pm

അഞ്ചില്‍ നാലും സെഞ്ച്വറി; എന്നിട്ടും ഏകദിനത്തില്‍ പടിക്ക് പുറത്താവുന്ന ദേവ്ദത്ത്

ഫസീഹ പി.സി.

ഇന്ത്യ – ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. 15 അംഗ ടീമിനെ ശുഭ്മന്‍ ഗില്ലാണ് നയിക്കുന്നത്. വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരും ടീമില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടും പല താരങ്ങള്‍ക്കും ടീമില്‍ ഇടം പിടിക്കാനായില്ല.

അതില്‍ ഒരാളാണ് കര്‍ണാടക താരമായ ദേവ്ദത്ത് പടിക്കല്‍. വിജയ് ഹസാരെ ട്രോഫിയില്‍ ഇന്നും താരം സെഞ്ച്വറി നേടിയിരുന്നു. പക്ഷേ, കിവികള്‍ക്ക് എതിരെയുള്ള ടീം വിവരം പുറത്ത് വന്നപ്പോള്‍ പടിക്കല്‍ പടിക്ക് പുറത്ത് തന്നെയാണ്.

ദേവ്ദത്ത് പടിക്കല്‍. Photo: Johns/x.com

വിജയ് ഹസാരെയില്‍ ഇന്ന് നടന്ന കര്‍ണാടക – ത്രിപുര മത്സരത്തില്‍ പടിക്കല്‍ 120 പന്തില്‍ 108 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഈ ഇന്നിങ്‌സില്‍ മൂന്ന് സിക്സും എട്ട് ഫോറുമാണ് പിറന്നത്.

പടിക്കലിന്റെ വെടിക്കെട്ട് എന്നാല്‍ ഈ മത്സരത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഇതുവരെ വിജയ് ഹസാരെയില്‍ ത്രിപുരക്ക് എതിരെയുള്ള മത്സരം അടക്കം അഞ്ചെണ്ണത്തിലാണ് താരം കളിച്ചത്. അതില്‍ നാല് തവണയും താരം മൂന്നക്കം കടന്നു.

ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനെതിരെയുള്ള കര്‍ണാടകയുടെ ആദ്യ മത്സരത്തിലായിരുന്നു പടിക്കലിന്റെ ആദ്യ സെഞ്ച്വറി. ഈ മത്സരത്തില്‍ 118 പന്തില്‍ 147 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് സിക്സും 10 ഫോറും അടക്കമായിരുന്നു ഈ ഇന്നിങ്സ്.

പിന്നാലെ അടുത്ത മത്സരത്തിലും പടിക്കല്‍ തന്റെ സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ചു. കേരളത്തിനെതിരെ 137 പന്തില്‍ 124 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ ഈ നേട്ടം അടുത്ത മത്സരത്തില്‍ നടത്താന്‍ താരത്തിന് സാധിച്ചില്ല. തമിഴ്‌നാടിനെതിരെ 22 റണ്‍സ് മാത്രമാണ് താരത്തിന് സ്‌കോര്‍ ചെയ്യാനായത്.

പക്ഷേ, കര്‍ണാടക പുതുച്ചേരിയെ നേരിട്ടപ്പോള്‍ പടിക്കല്‍ തന്റെ ഫോം വീണ്ടെടുത്തു. ഈ മത്സരത്തില്‍ 116 പന്തില്‍ 113 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.

ഇപ്പോളിതാ ത്രിപുരക്കെതിരെയും 25കാരന്‍ വീണ്ടും സെഞ്ച്വറിയടിച്ച് ആരാധകര്‍ക്ക് വിരുന്നൊരുക്കി. എന്നാലിതൊന്നും പടിക്കലിന് ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കിയില്ല.

Content Highlight: Devdutt Padikkal excluded from Indian ODI squad of New Zealand series after stunning domestic cricket performance

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more