ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിലവില്‍ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 460 (116 ഓവര്‍) റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് കുല്‍ദീപ് യാദവും (12) പ്രസിദ്ധ് കൃഷ്ണയുമാണ് (1).
ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് നടത്തിയത് മൂന്നാം നമ്പറില്‍ ഇറങ്ങിയ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 230 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടെ 167 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്.
പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്. പ്രഭാത് ജയസൂര്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ലയാണ് പടിക്കലിനെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പടിക്കല്‍. ശ്രീലങ്കയിലെ ടെസ്റ്റില്‍ ഉയര്‍ന്ന റണ്‍സ് നേടിയ നാലാമത്തെ ഇന്ത്യന്‍ താരമാകാനാണ് പടിക്കലിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയെയും സൗരവ് ഗാംഗുലിയെയും മറികടന്നാണ് പടിക്കല്‍ മുന്നേറിയത്. ലങ്കയില്‍ ഡബിള്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സെവാഗുമാണ് ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
203 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
201* – വീരേന്ദര്‍ സെവാഗ്
190 – ശിഖര്‍ ധവാന്‍
167 – ദേവ്ദത്ത് പടിക്കല്‍ (ഇന്ന്)
153 – ചേതേശ്വര്‍ പുജാര
147 – സൗരവ് ഗാംഗുലി
അതേസമയം പടിക്കലിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് കെ.എല്‍ രാഹുലാണ്. 175 പന്തില്‍ 82 റണ്‍സാണ് താരം നേടിയത്. ധ്രുവ് ജുറെല്‍ 51 റണ്‍സും നേടി. മറ്റാര്‍ക്കും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ലായിരുന്നു.
ലങ്കയ്ക്ക് വേണ്ടി നാല് വിക്കറ്റുകള്‍ നേടി പ്രഭാത് ജയസൂര്യ മിന്നും ബൗളിങ് പ്രകടനമാണ് നടത്തിയത്. കേശര നുവന്ത മൂന്ന് വിക്കറ്റുകളും നേടി.