| Monday, 12th January 2026, 6:30 pm

വിജയ് ഹസാരെയില്‍ പടിക്കലിന്റെ റെക്കോഡ് പടയോട്ടം!

ശ്രീരാഗ് പാറക്കല്‍

വിജയ് ഹസാരെ ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയമാണ് കര്‍ണാടക സ്വന്തമാക്കിയത്. ബി.സി.സിയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു കര്‍ണാടകയുടെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ മഴ പെയ്തപ്പോള്‍ ചുരുക്കിയ മത്സരത്തില്‍ കര്‍ണാടക 33 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.

മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും കരുണ്‍ നായരിന്റെയും കരുത്തിലാണ് കര്‍ണാടക വിജയിച്ചത്. ദേവ്ദത്ത് പടിക്കല്‍ 95 പന്തില്‍ 11 ഫോര്‍ ഉള്‍പ്പെടെ 81 റണ്‍സും കരുണ്‍ നായര്‍ 80 പന്തില്‍ 11 ഫോര്‍ ഉള്‍പ്പെടെ 74 റണ്‍സും നേടി.

വിജയ് ഹസാരെയില്‍ 2025-26 സീസണില്‍ മിന്നും പ്രകടനമാണ് സൂപ്പര്‍ ബാറ്റര്‍ പടിക്കല്‍ പുറത്തെടുത്തത്. ഇതോടെ നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയാണ് പടിക്കലിന്റെ പടയോട്ടം.

നിലവില്‍ ടൂര്‍ണമെന്റില്‍ എട്ട് മത്സരത്തില്‍ നിന്ന് 721 റണ്‍സാണ് താരം സ്വന്തമാക്കിയത്. 147 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരം ഈ സീസണില്‍ അടിച്ചെടുത്തത്. മാത്രമല്ല നാല് കിടിലന്‍ സെഞ്ച്വറികളും പടിക്കലിന്റ ബാറ്റില്‍ നിന്ന് പിറന്നു. 103.00 എന്ന തകര്‍പ്പന്‍ ആവറേജിലാണ് താരം ബാറ്റ് വീശിയത്. സെഞ്ച്വറിക്ക് പുറമെ രണ്ട് അര്‍ധ സെഞ്ച്വറിയും പടിക്കല്‍ സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റിലെ ആറാം മത്സരത്തില്‍ 82 പന്തില്‍ 91 റണ്‍സും ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലിലെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.

അതേസമയം മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി ഷംസ് മുലാനി 86 റണ്‍സെടുത്തു. സായ്‌രാജ് പാട്ടീല്‍ (33), സിദ്ധേഷ് ലാഡ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കര്‍ണാടകയ്ക്ക് വേണ്ടി വിദ്യാധര്‍ പാട്ടീല്‍ മൂന്ന് മുംബൈ താരങ്ങളുടെ വിക്കറ്റ് വീഴ്ത്തി.

Content Highlight: Devdutt Padikkal In Great Record Achievement In 2025-26 Vijay Hazare Trophy

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more