| Monday, 29th September 2025, 8:47 am

ശബരിമലയിലെ കാണാതായ പീഠങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിപ്പിച്ചത് പണപ്പിരിവിന്? ദുരൂഹതയെന്ന് വിജിലന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമല: ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പങ്ങളുടെ പീഠം സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവായ മിനി ദേവിയുടെ വീട്ടില്‍ കണ്ടെത്തിയ സംഭവത്തിന്  പിന്നാലെ ഗുരുതര ആരോപണങ്ങളുമായി വിജിലന്‍സ്.

പീഠങ്ങള്‍ ഉപയോഗിച്ച് ഉണ്ണികൃഷ്ണന്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതായി വിജിലന്‍സിന് സൂചന ലഭിച്ചു.

പീഠവും സ്വര്‍ണപാളിയും മറയാക്കി അയ്യപ്പ ഭക്തരെ കബളിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്.

ജീവനക്കാരന്റെ വീട്ടില്‍ സൂക്ഷിച്ച പീഠത്തില്‍ പൂജകള്‍ നടത്തിയിരുന്നു. അയ്യപ്പ ഭക്തരില്‍ നിന്നും പൂജയുടെ മറവില്‍ പണം പിരിച്ചതിന്റെ തെളിവുകള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.

പീഠം കാണാനില്ലെന്ന് പരാതി ഉന്നയിച്ച പോറ്റി തന്നെ ശബരിമല സ്‌ട്രോങ് റൂമില്‍ പീഠം എത്തിക്കാന്‍ നീക്കം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഹൈക്കോടതിയില്‍ നടപടി ആവശ്യപ്പെടാനൊരുങ്ങുകയാണ് വിജിലന്‍സ്.

കഴിഞ്ഞദിവസമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയായ മിനിദേവിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നും പീഠങ്ങള്‍ കണ്ടെടുത്തത്. വിവാദത്തെ തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് പീഠങ്ങള്‍ മാറ്റിയെന്നാണ് ഇയാളുടെ വാദം. ഇതില്‍ ദുരൂഹതയുണ്ടെന്ന് തുടക്കം മുതല്‍ വിജിലന്‍സ് പറഞ്ഞിരുന്നു.

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ എല്ലാകാര്യങ്ങളും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ദേവസ്വം വിജിലന്‍സിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ വൈകാതെ സമര്‍പ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

നേരത്തെ, അനുമതിയില്ലാതെ ശബരിമലയിലെ ശ്രീകോവില്‍ കവാടത്തിലുണ്ടായിരുന്ന ദ്വാരപാലക ശില്‍പങ്ങള്‍ അനുമതിയില്ലാതെ അറ്റകുറ്റപണിക്കായി ഇളക്കിയെടുത്തിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയാണ് ദേവസ്വം വിജിലന്‍സ് അന്വേഷണത്തിലേക്ക് നീണ്ടത്. അന്വേഷണം നടത്താന്‍ ദേവസ്വം വിജിലന്‍സിനെ ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു.

നിറം പൂശാനും അറ്റകുറ്റ പണികള്‍ക്കുമായി ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വര്‍ണപാളികള്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പരിശോധനയ്ക്ക് എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും, റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്ന് ഹൈക്കോടതി പിന്നീട് നിലപാടെടുക്കുകയായിരുന്നു.

ഈ വിജിലന്‍സ് റിപ്പോര്‍ട്ടിലാണ് ഭാരം കുറഞ്ഞത് കണ്ടെത്തിയത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്.

Content Highlight: Devaswom Vigilance’s  allegations about Sabarimala Statue Peedam (pedestal) missing case

We use cookies to give you the best possible experience. Learn more