| Sunday, 21st September 2025, 9:57 am

കൂടല്‍മാണിക്യത്തിലെ തന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ദേവസ്വം തന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ദേവസ്വം അംഗീകൃത തന്ത്രി രഞ്ജിത്ത് രാജന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുള്ള തന്ത്രിയാണ് രഞ്ജിത്ത് രാജന്‍.

നിലവിലുള്ള തന്ത്രിമാര്‍ ക്ഷേത്ര ചടങ്ങുകള്‍ ബഹിഷ്‌കരിക്കുന്ന സാഹചര്യത്തിലാണ് രഞ്ജിത്ത് സന്നദ്ധത അറിയിച്ചത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മാവിളങ്ങ് മഹാലക്ഷ്മി ക്ഷേത്രം മേല്‍ശാന്തിയാണ് രഞ്ജിത്ത് രാജന്‍. 37 ക്ഷേത്രങ്ങളിലെ തന്ത്ര പദവിയുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം.

ഈഴവ വിഭാഗത്തില്‍പ്പെട്ട കെ.എസ്. അനുരാഗ് കഴകം തസ്തികയില്‍ ചുമതലയേറ്റതോടെ തന്ത്രി കുടുംബങ്ങള്‍ ക്ഷേത്ര ചടങ്ങുകള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിൽക്കുകയാണ്.

ആറ് തന്ത്രി കുടുംബങ്ങളാണ് കൂടല്‍മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ അഞ്ച് കുടുംബങ്ങള്‍ നിലവില്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ആറാമത്തെ കുടുംബമായ പടിഞ്ഞാറേ തരണനല്ലൂര്‍ ഇല്ലത്തെ അംഗം അനിപ്രകാശ് മാത്രമാണ് ക്ഷേത്രവുമായി സഹകരിക്കുന്നതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചേര്‍ത്തല സ്വദേശിയായ കെ.എസ് അനിപ്രകാശാണ് സത്യവാങ്മൂലം നല്‍കി കഴകം തസ്തികയില്‍ ചുമതലയേറ്റത്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ആദ്യം നിയമിച്ച റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരനും എം.എ ബിരുദധാരിയുമായ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി.എ. ബാലു രാജിവെച്ചതിനെ തുടര്‍ന്നാണ് അനിപ്രകാശിനെ നിയമിച്ചത്.

പിന്നോക്ക വിഭാഗ ലിസ്റ്റില്‍ നിന്നാണ് അനുരാഗ് നിയമിതനായത്. ബാലുവിന് പൊതുവിഭാഗത്തിലായിരുന്നു നിയമനം. എന്നാല്‍ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്നുണ്ടായ ജാതി വിവേചനത്തെ തുടര്‍ന്ന് ബി.എ. ബാലു രാജിവെക്കുകയായിരുന്നു.

ഫെബ്രുവരി 24നാണ് ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതല്‍ ബാലുവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്ന മാര്‍ച്ച് ഏഴ് വരെ തന്ത്രി കുടുംബങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്നും വിട്ടുനിന്നുരുന്നു. ഈഴവ സമുദായത്തില്‍പ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിര്‍പ്പിന് കാരണമായത്.

പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കേണ്ടതിനാല്‍ ഏഴാം തീയതി ഭരണസമിതി ചര്‍ച്ച വിളിച്ചു. തുടര്‍ന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. പിന്നാലെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഉള്‍പ്പെടെ ബാലുവിന് പിന്തുണ അറിയിച്ചിരുന്നു.

Content Highlight: Devaswom Thantri says he is ready to take over the position of Thantri at Koodalmanikyam

We use cookies to give you the best possible experience. Learn more