തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത് വിവാദമാകുന്നു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ വക്കീലായിരുന്ന കെ.ബി. പ്രദീപിനെയാണ് ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി (സ്‌പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍) നിയമിച്ചിരിക്കുന്നത്.
ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡുകളുമായും ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്‌പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി നല്‍കിക്കൊണ്ടാണ് കെ.ബി. പ്രദീപിന്റെ നിയമനം. സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളുടെ അഭിഭാഷകനെ തന്നെ ദേവസ്വം വകുപ്പിന്റെ കേസുകള്‍ ഏല്‍പ്പിച്ചതാണ് വിവാദത്തിന് കാരണമായത്.
വിവാദത്തില്‍ ന്യായീകരണവുമായി ദേവസ്വം മന്ത്രി കെ. മുരളീധരന്‍ രംഗത്തെത്തി. ഈ നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.
‘പ്രതിയുടെ ദൗര്‍ബല്യം അറിയുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതല്ലേ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതികള്‍ ആരും രക്ഷപ്പെടില്ലെന്ന് ഉറപ്പു നല്‍കിയ മന്ത്രി, ക്യാബിനറ്റ് തീരുമാനങ്ങളെ തള്ളിപ്പറയാനാവില്ലെന്നും വ്യക്തമാക്കി.
2019-ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശുന്നതിനിടെ സ്വര്‍ണം വേര്‍തിരിച്ചെടുത്ത് കടത്തി എന്നാണ് കേസ്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശില്പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം ഊറ്റിയെടുക്കുകയായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ലോഹപ്പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലെ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനായി ഉപയോഗിച്ച രാസവസ്തുക്കളും (സ്ട്രിപ്പിംഗ് സാള്‍ട്ട്) ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫലപ്രദമായ സംവിധാനം വേണമെന്ന ദേവസ്വം വകുപ്പിന്റെ ആവശ്യപ്രകാരമാണ് ഈ നിയമനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ശബരിമല മേല്‍ശാന്തി കേസിലെ അമിക്കസ് ക്യൂറിയായും കൊട്ടിയൂര്‍ ക്ഷേത്രത്തിലെ അഡ്വക്കേറ്റ് കമ്മിഷണറായും കെ.ബി. പ്രദീപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതിനിടെ, അന്വേഷണത്തിന്റെ ഭാഗമായി ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ തകിടുകള്‍ അഴിച്ച് പരിശോധിക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് എസ്.ഐ.ടിക്ക് അനുമതി നല്‍കി. പത്തു ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. കേസ് ജൂണ്‍ 18-ന് വീണ്ടും പരിഗണിക്കും.
Content Highlight: Devaswom Appointment Controversy Surrounds Sabarimala Case Lawyer