| Friday, 24th April 2026, 9:23 am

'എക്സൈറ്റ്മെന്റ് കൊണ്ട് ചോദിക്കുകയാണ് ലാൽസാറുമായി കോമ്പിനേഷൻ സീനുണ്ടോ', അതൊരു സ്‌പെഷ്യൽ മൊമെന്റ് ആയിരുന്നു: ദേവരാജ്

നന്ദന എം.സി

കഴിവുണ്ടെങ്കിൽ എവിടെയും അംഗീകാരം ലഭിക്കുമെന്നതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് സവിൻ സ സംവിധാനം ചെയ്ത വാഴ 2. വലിയ താരനിരയോ വമ്പൻ പ്രമോഷനോ ഇല്ലാതെ എത്തിയ ചിത്രം ഇന്ന് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി വിജയകരമായി മുന്നേറുകയാണ്.

ഇന്നത്തെ കാലത്ത് സിനിമയിലേക്കുള്ള ഏറ്റവും എളുപ്പമായ വഴികളിലൊന്നായി മാറിയിരിക്കുന്നത് സോഷ്യൽ മീഡിയ റീൽസുകളാണ്. അഭിനയിക്കാൻ കഴിവുള്ളവർക്ക് അവരുടെ പ്രകടനം എളുപ്പത്തിൽ പ്രദർശിപ്പിക്കാനും, അത് പ്രേക്ഷകരിലേക്ക് എത്തിക്കാനും റീൽസുകൾ സഹായിക്കുന്നു.

ദേവരാജ്, Photo: YouTube

ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് യുറേക്ക കണ്ടന്റ് ടീമിലൂടെ ശ്രദ്ധിക്കപ്പെട്ട ദേവരാജും, ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധ നേടിയ ഹാഷിർ അടങ്ങിയ ടീമും. ഇവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ വാഴ 2 ഇപ്പോൾ കേരളക്കരയിൽ വലിയ വിജയമായി മാറിയിരിക്കുകയാണ്.

ഫ്ലാസ്ക്, മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൃദയപൂർവ്വം തുടങ്ങിയ ചിത്രങ്ങളിൽ ദേവരാജ് അഭിനയിച്ചിരുന്നുവെങ്കിലും, താരത്തിന് വലിയ അംഗീകാരം ലഭിച്ചിരിക്കുന്നത് വാഴ 2 വഴിയാണ്.

പ്രേകഷകർക്ക് എളുപ്പത്തിൽ കണക്റ്റ് ആകുന്ന കഥാപാത്രത്തെ ദേവരാജ് മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ദേവരാജിന്റെ അഭിനയത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ സിനിമാ ഗ്രൂപ്പുകളിൽ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇപ്പോഴിതാ തനിക്ക് ഹൃദയപൂർവത്തിലേക്ക് കോൾ വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ദേവരാജ്. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഹൃദയപൂർവ്വം, Photo: IMDb

‘ എനിക്കിപ്പോഴും ഓർമയുണ്ട് ഹൃദയപൂർവ്വത്തിലേക്ക് എന്നെ വിളിച്ച ആ ദിവസം. ആരാ വിളിച്ചത് എന്ന് ഓർമയില്ല ഹൃദയപൂർവ്വം എന്നൊരു സിനിമയുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. കുറച്ച് സീനുണ്ട് ചെറിയ ഒരു ഓഡിഷൻ ഉണ്ടാകും സ്ക്രിപ്റ്റ് അയക്കാം എന്ന് പറഞ്ഞു. അങ്ങനെ കോൾ കട്ട് ആയപ്പോൾ ഞാൻ സേർച്ച് ചെയ്തു നോക്കി.

അങ്ങനെ ഹൃദയപൂർവ്വം എന്ന് അടിച്ചപ്പോൾ മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രം എന്ന് കണ്ടു. ഞാൻ പിന്നെ തിരിച്ച് വിളിച്ച് ‘എക്സൈറ്റ്മെന്റ് കൊണ്ട് ചോദിക്കുകയാണ് ലാൽസാറുമായി കോമ്പിനേഷൻ സീനുണ്ടോ’ എന്ന് ചോദിച്ചു. ഉള്ള സീനിനെല്ലാം ലാൽ സാറിന്റെ കൂടെയാണെന്ന് അവിടന്ന് മറുപടിയും തന്നു. ആ ഒരു മോമെന്റ്റ് ഭയങ്കര സ്പെഷ്യൽ ആയിരുന്നു,’ ദേവരാജ് പറഞ്ഞു.

വാഴ 2, Photo: IMDb

മികച്ച പ്രതികരണം നേടി മുന്നേറുന്ന വാഴ 2 ഇതിനോടകം 200 കോടി കടന്ന് വമ്പൻ വിജയം നേടുകയാണ്. ഹാഷിർ, അലൻ , അജിൻ, വിനായക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രത്തിൽ ബിജുക്കുട്ടൻ, സുധീഷ് അജു വർഗീസ് എന്നിവരും മറ്റ്‌ പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: Devaraj talks about how he was called to Hridapoopravam movie

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more