| Thursday, 21st August 2025, 3:32 pm

സഞ്ജുവിന്റെ ഭാവി തുലാസിലാവാന്‍ കാരണം അവന്‍ തന്നെ: മുന്‍ സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വര്‍ഷങ്ങളായുള്ള സ്ഥിരതയില്ലായ്മയാണ് സഞ്ജു സാംസണിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ ദേവാംഗ് ഗാന്ധി. ഇനിയെങ്കിലും ഫ്‌ലെക്‌സിബിള്‍ ആണെന്ന് തെളിയിച്ചാല്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സഞ്ജുവിന്റെ കഴിവിനെ നമ്മുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. പക്ഷേ, അവന് 31 വയസാവുന്നു. ഇതുവരെ അവന് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഐ.പി.എല്ലില്‍ പോലും സ്ഥിരത നിലനിര്‍ത്താന്‍ അവന് കഴിയാത്തതാണ് അതിന് കാരണം.

ഫാസ്റ്റ് ബൗളിങ്ങിനെതിരെ കളിക്കാന്‍ അവന് ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നു. ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തിനെതിരെ അവന്‍ ബുദ്ധിമുട്ടിയിരുന്നു. ഇതാണ് സഞ്ജു പിന്നിലാവാന്‍ കാരണം. ഫ്‌ലെക്‌സിബിള്‍ ആണെന്ന് തെളിയിക്കാനായാല്‍ മാത്രമേ അവന് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയൂ,’ ദേവാംഗ് ഗാന്ധി പറഞ്ഞു.

സെപ്റ്റംബറില്‍ തുടങ്ങുന്ന ഏഷ്യ കപ്പിനുള്ള ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, താരത്തിന്റെ ടീമിലെ സ്ഥാനം അനിശ്ചിതത്തിലാണ്. ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിന്റെ ഓപ്പണിങ്ങിലെ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുണ്ട്.

സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജു ഓപ്പണിങ്ങില്‍ എത്തിയതിന് കാരണം ഗില്ലും യശസ്വി ജെയ്സ്വാളും ഇല്ലാത്തതാണ് എന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. അതോടെ ഏഷ്യ കപ്പില്‍ താരം ഓപ്പണിങ്ങില്‍ എത്തില്ലെന്ന് ഏറെ കുറെ ഉറപ്പാണ്.

അങ്ങനെയെങ്കില്‍ താരത്തിന് ആദ്യ നാലില്‍ അവസരം ലഭിക്കില്ല. ഇതാണ് സാഹചര്യം എങ്കില്‍ താരത്തിന് അഞ്ചോ ആറോ സ്ഥാനങ്ങളില്‍ ബാറ്റിങ് ചെയ്യേണ്ടി വരും. പക്ഷേ, രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ എത്തിയ ജിതേഷ് ശര്‍മയുടെ ഫോം സഞ്ജുവിന് കടുത്ത വെല്ലുവിളിയാണ്.

അതേസമയം, സെപ്റ്റംബര്‍ ഒമ്പത് മുതലാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. യു.എ.ഇയാണ് വേദി. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് എ-യിലാണ്. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Devang Gandhi says Sanju Samson’s inconsistency is the reason of his downfall

We use cookies to give you the best possible experience. Learn more