| Friday, 30th January 2026, 11:08 pm

സഞ്ജു ഒരു വാക്കിങ് വിക്കറ്റ് പോലെ, ഇതൊരു ആശങ്ക: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

ഫസീഹ പി.സി.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തെയും ടി- 20 മത്സരത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ്. നാളെ (ജനുവരി 31) തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി. നാളെ ഈ മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ സഞ്ജു സാംസണ്‍ തന്നെയാണ് ശ്രദ്ധാകേന്ദ്രം.

പരമ്പരയില്‍ ഇതുവരെ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് ഇതിന് കാരണം. ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ദേവാങ് ഗാന്ധി. സഞ്ജു മികച്ച രീതിയില്‍ തയ്യാറെടുത്താല്‍ താരത്തിന് ഫോം ഔട്ടില്‍ നിന്ന് പുറത്ത് വരാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദേവാങ് ഗാന്ധി. Photo: Amal Sudhakaran/x.com

സഞ്ജു ഇപ്പോള്‍ വാക്കിങ് വിക്കറ്റ് പോലെയാണെന്നും അത് ലോകകപ്പ് അടുക്കുന്ന ഈ വേളയില്‍ വലിയ ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേവ് സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ദേവാങ് ഗാന്ധി.

‘മികച്ച രീതിയില്‍ തയ്യാറെടുത്താല്‍ സഞ്ജുവിന് ഈ ഫോം ഔട്ടില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കും. അവന്റെ പ്രതിഭ നമുക്കറിയാം. പക്ഷേ, അവന്‍ കരിയറില്‍ ഉടനീളം സ്ഥിരത പുലര്‍ത്തിയിട്ടില്ല.

ലോകകപ്പിന് മുന്നോടിയായി രണ്ട് ഓപ്പണര്‍മാരും ഫോമിലാവണമെന്നാകും ടീം മാനേജ്മെന്റിന്റെ ആഗ്രഹം. അഭിഷേക് ഇപ്പോള്‍ മികച്ച ഫോമിലാണ്. എന്നാല്‍ സഞ്ജുവൊരു വാക്കിങ് വിക്കറ്റാണ്. അത് വലിയൊരു ആശങ്കയാണ്,’ ദേവാങ് ഗാന്ധി പറഞ്ഞു.

സഞ്ജു ഇപ്പോള്‍ മാനസികമായി മികച്ച നിലയിലല്ലെന്നും താരത്തിന്റെ ടെക്‌നിക്കുകളിലും അപാകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ആത്മവിശ്വാസത്തിന്റെ കളിയാണ്. മുമ്പ് താരത്തിന്റെ ഫൂട്ട് വര്‍ക്ക് വളരെ ലളിതവും കൃത്യവുമായിരുന്നു. എന്നാലിപ്പോള്‍ അത് അവന്റെ ബാറ്റിങ്ങില്‍ കാണാനില്ല. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം.

സഞ്ജു സാംസൺ. Photo: BCCI/x.com

ടി – 20യില്‍ പോലും എപ്പോഴും ആകര്‍ഷകമായ ഷോട്ടുകള്‍ കളിക്കുന്നതിലല്ല കാര്യം, മറിച്ച് അടിസ്ഥാന പാഠങ്ങളില്‍ ഉറച്ചുനില്‍ക്കുക എന്നതാണ് പ്രധാനം. നെറ്റ്‌സില്‍ അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പരിശീലനം നടത്തണം.

ഇന്നത്തെ തലമുറയ്ക്ക് അടിച്ചുതകര്‍ക്കുക എന്നത് സ്വാഭാവികമായി വരുന്ന കാര്യമാണ്. എന്നാല്‍ അടിസ്ഥാനം കൃത്യമായാലേ സഞ്ജുവിന് ആത്മവിശ്വാസം തിരിച്ച് പിടിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ദേവാങ് ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Content Highlight: Devang Gandhi says Sanju Samson looks like a walking wicket and it is a concern for India ahead of T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more