സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ദേവന്‍. 1983ല്‍ നാദം എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ശേഷം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളില്‍ അഭിനയിച്ചു.
കൂടുതലും വില്ലന്‍ വേഷങ്ങളിലൂടെ അറിയപ്പെടുന്ന ദേവന്‍ 350ല്‍ അധികം സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്. 1987ല്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹി എന്ന ചിത്രമാണ് നടന്റെ കരിയറില്‍ വലിയ മാറ്റം കൊണ്ടുവന്നത്.
ഇപ്പോള്‍ ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ശിവകാര്‍ത്തികേയനെ കുറിച്ച് പറയുകയാണ് ദേവന്‍. ശിവകാര്‍ത്തികേയന്‍ വളരെ ടാലന്റായ ആളാണെന്നും അമരന്‍ എന്ന സിനിമയില്‍ മികച്ച രീതിയിലാണ് നടന്റെ അഭിനയമെന്നും ദേവന്‍ പറഞ്ഞു.
‘ശിവകാര്‍ത്തികേയന്‍ വളരെ ടാലന്റായ ഒരാളാണ്. അദ്ദേഹത്തിന്റെ സിനിമയിലെ വര്‍ക്കുകളൊക്കെ സൂപ്പറാണ്. ഞാന്‍ അമരന്‍ എന്ന സിനിമ കണ്ടിരുന്നു. അതില്‍ അത്രയും മികച്ച രീതിയിലാണ് ശിവകാര്‍ത്തികേയന്‍ അഭിനയിച്ചിരിക്കുന്നത്.
സൂപ്പര്‍സ്റ്റാര്‍ പൊസിഷനില്‍ നില്‍ക്കുന്ന ആളുകള്‍ ഒരിക്കലും അവരുടെ ഫാന്‍സിന് വേണ്ടി സിനിമ ചെയ്യരുതെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു. ആ സിനിമ ഫാന്‍സ് കയ്യടിക്കാനും അവരെ സന്തോഷിപ്പിക്കാനും മാത്രമുള്ളതായി പോകുമെന്നും അവിടെ സിനിമയുടെ കഥ തന്നെ വിട്ടുപോകുമെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരാള്‍ സൂപ്പര്‍സ്റ്റാര്‍ പൊസിഷനില്‍ വരുമ്പോള്‍, അവര്‍ ഒരിക്കലും ഫാന്‍സിന് വേണ്ടി സിനിമ ചെയ്യരുത്. ഫാന്‍സിന് വേണ്ടി മാത്രമെന്ന് പറഞ്ഞ് ഒരിക്കലും ഒരു സിനിമ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ ഒരുപാട് കുഴപ്പങ്ങളുണ്ടാകും.
ആ സിനിമ ഫാന്‍സ് കയ്യടിക്കാനും അവരെ സന്തോഷിപ്പിക്കാനും മാത്രമുള്ളതാകും. അവിടെ ഒരുപക്ഷെ സിനിമയുടെ കഥ തന്നെ വിട്ടുപോകും. ഇപ്പോഴുള്ള മിക്ക പടങ്ങളിലും അതാണ് പ്രശ്‌നം. ഇതെന്റെ വിമര്‍ശനമല്ല, എന്റെ ആശങ്കയാണ്,’ ദേവന്‍ പറയുന്നു.
Content Highlight: Devan Talks About Sivakarthikeyan