മോഹന്‍ലാല്‍ താരസംഘടനയായ AMMAയുടെ നേതൃസ്ഥാനത്തേക്ക് ഇനിയില്ലെന്ന് പറഞ്ഞെങ്കിലും അദ്ദേഹം ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് ദേവന്‍. സംഘടനയുമായി ഓരോരുത്തര്‍ക്കും വലിയ ബന്ധമുണ്ടെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാല്‍ ആ സ്ഥാനത്ത് നിന്ന് മാറില്ലെന്ന പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നുവെന്ന് പറയുന്ന ദേവന്‍ നോമിനേഷന്‍ കൊടുക്കാനുള്ള അവസാന ദിവസം ആയപ്പോഴാണ് മോഹന്‍ലാല്‍ നോമിനേഷന്‍ കൊടുത്തിട്ടില്ലെന്ന് താന്‍ അറിയുന്നതെന്നും പറയുന്നു.
‘അത് സത്യത്തില്‍ എനിക്ക് വലിയ ഷോക്കായിരുന്നു. ലാല്‍ അവസാനം വരും എന്നതായിരുന്നു എന്റെ പ്രതീക്ഷ. ഇതിനിടയില്‍ ഇലക്ഷനെ കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. എന്നാല്‍ അന്ന് നോക്കുമ്പോള്‍ ഇലക്ഷനില്‍ മറ്റു പലരും മത്സരിക്കുന്നുണ്ട്. എന്നാല്‍ ലാല്‍ മാത്രമില്ല.
അദ്ദേഹം പത്രിക സമര്‍പ്പിച്ചിട്ടില്ല. എന്റെ മനസിന് അത് വലിയ ആഘാതമായിരുന്നു. ‘ലാലിന് ഇത്രയും വേദനിച്ചോ’ എന്ന തോന്നല്‍ ഞങ്ങള്‍ക്ക് വന്നു. അതിന് മുമ്പ് ലാലുമായി സംസാരിച്ചപ്പോള്‍ ലാല്‍ ‘ഞാന്‍ ഇനി വരില്ല’ എന്ന് തന്നെയായിരുന്നു പറഞ്ഞിരുന്നത്.
മോഹന്‍ലാല്‍ ഇനി വരില്ലെന്ന് പറഞ്ഞതോടെ തങ്ങളൊക്കെ ആകെ അന്തംവിട്ടുവെന്നും അവിടെ തങ്ങള്‍ക്ക് ശബ്ദമില്ലാതെയായെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദേവന്‍.
‘ആ പറച്ചിലില്‍ തന്നെ ലാല്‍ സ്‌ട്രോങ്ങായ തീരുമാനം എടുത്തുവെന്ന് മനസിലായിരുന്നു. എന്തൊക്കെ സംഭവിച്ചാലും അദ്ദേഹം വരില്ലെന്ന് ഉറപ്പായി. എന്നാല്‍ എന്റെ മനസില്‍ ഇലക്ഷന്‍ വരുന്ന സമയത്ത് അദ്ദേഹം വരുമെന്ന തോന്നലുണ്ടായി.
കാരണം അങ്ങനെയാണ് സാധാരണ ഉണ്ടാകാറ്. എല്ലാ ടേമിലും അവസാനം ‘എന്നാല്‍ ശരി’യെന്നും പറഞ്ഞ് വരാറാണ്. പക്ഷെ ലാല്‍ ഇത്തവണ വരില്ലെന്ന് അറിഞ്ഞതോടെ എനിക്ക് വിഷമമായി,’ ദേവന്‍ പറയുന്നു.
Content Highlight: Devan Talks About AMMA Election And Mohanlal