ചെറിയ വേഷങ്ങളിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ദേവന്‍. എം.ടി- ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച ദേവന്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു. ഒരുപാട് സിനിമകളില്‍ നായകനായും ദേവന്‍ തിളങ്ങിയിട്ടുണ്ട്.
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ദേവന്‍. ന്യൂഡല്‍ഹി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ടതെന്ന് ദേവന്‍ പറഞ്ഞു. കഥാപാത്രത്തിന്റെ ഗെറ്റപ്പിലായിരുന്നു ആ സമയത്ത് മമ്മൂട്ടിയെന്നും താന്‍ അപ്പോള്‍ അയാളെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നത് ന്യൂഡല്‍ഹിയുടെ സെറ്റില്‍ വെച്ചാണ്. ഡെന്നിസ് സാറും ജോഷി സാറും ഒന്നിച്ച സിനിമയായിരുന്നു അത്. കഥയൊന്നും വലുതായി അറിയാതെയാണ് ഞാന്‍ പോയത്. ജയിലില്‍ വെച്ചുള്ള സീനായിരുന്നു അന്ന് എടുത്തുകൊണ്ടിരുന്നത്. ഞാന്‍ ആദ്യമായി മമ്മൂട്ടിയെ കാണുമ്പോള്‍ അയാള്‍ മേക്കപ്പൊക്കെയിട്ട് വരികയായിരുന്നു.
പ്രായമായി, അവശനിലയിലായിരുന്നു ഞാന്‍ കണ്ടപ്പോള്‍ പുള്ളിയുടെ കോലം. ആ കഥാപാത്രം അങ്ങനെയുള്ള ആളാണ്. എങ്ങനെയാണ് അയാള്‍ അങ്ങനെയായത് എന്നൊന്നും എനിക്കറിയില്ലായിരുന്നു. അത് മാത്രമല്ല, ആ സമയത്ത് സംവിധാനത്തില്‍ എനിക്ക് ചെറിയൊരു പ്രാന്തുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഓരോ ചലനവും ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു,’ ദേവന്‍ പറയുന്നു.
മമ്മൂട്ടിയുടെ ഇന്‍ട്രോ സീന്‍ ജോഷി ചിത്രീകരിച്ചത് താന്‍ ശ്രദ്ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമറക്ക് പുറംതിരിഞ്ഞിരുന്ന് ചുമരില്‍ എന്തോ വരക്കുകയായിരുന്നു മമ്മൂട്ടിയെന്നും ആക്ഷന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ചുകൊണ്ടാണ് തിരിഞ്ഞുനോക്കിയതെന്നും ദേവന്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ദേവന്‍.
മമ്മൂട്ടി- ജോഷി കൂട്ടുകെട്ടില്‍ പിറന്ന മെഗാഹിറ്റ് ചിത്രമായിരുന്നു ന്യൂഡല്‍ഹി. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ ഇന്‍ഡസ്ട്രിയിലെ നിലനില്‍പ് തന്നെ പ്രശ്‌നത്തിലായ മമ്മൂട്ടിയുടെ അതിഗംഭീര തിരിച്ചുവരവായിരുന്നു ന്യൂഡല്‍ഹിയില്‍ കാണാന്‍ സാധിച്ചത്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രം കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വന്‍ വിജയമായി മാറി.
Content Highlight: Devan shares the memories of first meeting with Mammootty