| Thursday, 7th August 2025, 1:14 pm

ശ്വേതക്കെതിരായ പരാതി; 'AMMA'യിലെ ആരും ഇത്ര ക്രൂരമായ പ്രവര്‍ത്തി ചെയ്യില്ല: ദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ശ്വേതാ മേനോനെതിരായ പരാതിയില്‍ പ്രതികരണവുമായി നടന്‍ ദേവന്‍. AMMA സംഘടനയിലെ തെരഞ്ഞെടുപ്പില്‍ ശ്വേതക്കെതിരെ മത്സരിക്കുന്നത് ദേവനാണ്. പരാതി വിഡ്ഢിത്തമാണെന്നും വളരെ വേദനയുണ്ടാക്കുന്നതാണെന്നും ദേവന്‍ പറയുന്നു. പരാതിക്കാരന് എന്തെങ്കിലും ദുരുദ്ദേശമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആരോടും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നും കേസിലെ എഫ്.ഐ.ആര്‍ കേള്‍ക്കുമ്പോള്‍ തന്നെ വളരെ വിഡ്ഢിത്തപരമായ കാര്യങ്ങളാണ് ഉള്ളതെന്ന് മനസിലാകുമെന്നും ദേവന്‍ പ്രതികരിച്ചു.

ഒരു കോടതിയിലും ഇത്തരമൊരു കേസ് നിലനില്‍ക്കില്ലെന്നും ആദ്യ ദിവസം തന്നെ തള്ളിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടുമായിരിക്കാമെന്നും എന്നാല്‍ ഇത്രയും ക്രൂരമായ പ്രവര്‍ത്തി സംഘടനയിലെ ഒരു അംഗവും ചെയ്യില്ലെന്നും ദേവന്‍ വ്യക്തമാക്കി. ട്വന്റി ഫോര്‍ ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍. അശ്ലീല രംഗങ്ങളെന്ന് പറഞ്ഞ് പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ക്ലിപ്പുകള്‍ എല്ലാം സെന്‍സര്‍ ചെയ്ത ചിത്രങ്ങളിലെ രംഗങ്ങളാണെന്ന് ശ്വേത മേനോന്‍ പറഞ്ഞു. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയായ തന്നെ അശ്ലീല നടിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പോണ്‍ സൈറ്റുകളില്‍ തന്റെ ചിത്രം എത്തിയതിന് പിന്നില്‍ ഒരു വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ കണ്ടെത്തണമെന്നും ശ്വേത മേനോന്‍ ആവശ്യപ്പെട്ടു.

അതേസമയം അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയിലാണ് നടി ശ്വേതാ മേനോനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ട്ടിന്‍ മേനാച്ചേരിഎന്നയാള്‍ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ശ്വേതക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ കോടതിയിലാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. അനാശാസ്യ നിരോധന നിയമപ്രകാരവും ഐ.ടി നിയമത്തിലെ സെക്ഷന്‍ 67 (എ)ഉം അനുസരിച്ചും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ ശ്വേതാ മേനോന്‍ സിനിമയിലും പരസ്യങ്ങളിലും ഉള്‍പ്പെടെ നഗ്‌നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചുവെന്നും അത് സോഷ്യല്‍ മീഡിയയിലൂടെയും പോണ്‍ സൈറ്റുകളിലൂടെയും പ്രചരിപ്പിച്ച് വരുമാനം നേടിയെന്നുമാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ശ്വേതാ മേനോന്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറ ബ്രാന്‍ഡായ കാമസൂത്രയുടെ പരസ്യവും കളിമണ്ണ്, പാലേരി മാണിക്യം, രതിനിര്‍വേദം എന്നീ സിനിമകളുമാണ് പരാതിക്കാരന്‍ അശ്ലീല ചിത്രങ്ങളായി ഉന്നയിച്ചിരിക്കുന്നത്.

Content  Highlight: Devan says No one from ‘AMMA’ would do such a cruel act complaint against Shweta Menon 

We use cookies to give you the best possible experience. Learn more