| Monday, 8th September 2025, 10:06 pm

എമ്പുരാന്‍ വെറും നോണ്‍സെന്‍സ്, രാജ്യവിരുദ്ധമാണ് ആ പടം: ദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായി മാറിയ ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായാണ് എമ്പുരാന്‍ ഒരുങ്ങിയത്. മോഹന്‍ലാല്‍- പൃഥ്വിരാജ് കോമ്പോയിലൊരുങ്ങിയ മൂന്നാമത്തെ ചിത്രത്തിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. റിലീസിന് മുമ്പ് തന്നെ പല കളക്ഷന്‍ റെക്കോഡുകളും എമ്പുരാന്‍ തകര്‍ത്തെറിഞ്ഞു.

എന്നാല്‍ റിലീസിന് പിന്നാലെ ചിത്രത്തെ തേടി പല വിവാദങ്ങളും ഉടലെടുത്തു. ഇന്ത്യയെ നടുക്കിയ ഗുജറാത്ത് കലാപത്തെ കാണിച്ചതും അതിന് കാരണക്കാരയാവരെ ഇന്ത്യ ഭരിക്കുന്നതായി ചിത്രീകരിച്ചതും സംഘപരിവാറിനെ ചൊടിപ്പിച്ചു. ചിത്രത്തിന്റെ സംവിധായകനെതിരെ വലിയ രീതിയില്‍ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തി.

മോഹന്‍ലാല്‍ ഒടുവില്‍ മാപ്പുമായി രംഗത്തെത്തുകയും ചിത്രം റീ സെന്‍സര്‍ നടത്തുകയും ചെയ്തിട്ട് വീണ്ടും പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇപ്പോഴിതാ എമ്പുരാനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് ചലച്ചിത്രതാരം ദേവന്‍. എമ്പുരാന്‍ എന്ന സിനിമക്ക് എതിരായിട്ടാണ് താന്‍ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ദേവന്‍.

എമ്പുരാന്‍ എന്ന സിനിമക്ക് എതിരാണ് ഞാന്‍. ഒരിക്കലും ആ സിനിമയോട് യോജിക്കാന്‍ എനിക്ക് സാധിക്കില്ല. വെറും നോണ്‍സെന്‍സാണ് എമ്പുരാന്‍. എന്താണവര്‍ കാണിച്ചുവെച്ചിരിക്കുന്നത്? അങ്ങനെയൊന്നും ഒരിക്കലും സിനിമ ചെയ്യാന്‍ പാടില്ല. ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും എതിരായിട്ടുള്ള പടമാണ് അത്. ആന്റി നാഷണല്‍ സിനിമയാണ് എമ്പുരാന്‍. അത് ഞാന്‍ ആരോടും പറയും.

നടന്ന കാര്യമാണ് സിനിമയില്‍ കാണിച്ചതെന്ന് പറയുന്നു. പക്ഷേ, അതൊന്നും നടന്നതല്ലല്ലോ. പടത്തിന്റെ തുടക്കത്തില്‍ അവര്‍ കുറെ കാര്യങ്ങള്‍ കാണിച്ചു. എന്നിട്ട് പിന്നീടുണ്ടായ കാര്യങ്ങളും അതിന് മുമ്പ് ഉണ്ടായതുമൊക്കെ അവര്‍ മറച്ചു. ആദ്യം സംഭവിച്ചതിന്റെ പ്രത്യാഘാതം മാത്രമേ സിനിമയില്‍ കാണിച്ചിട്ടുള്ളൂ. ശരിക്കും നടന്നത് അവര്‍ ആ പടത്തില്‍ കാണിച്ചിട്ടേയില്ല,’ ദേവന്‍ പറയുന്നു.

ചിത്രത്തിനെതിരെ സംസാരിച്ചുകൊണ്ട് നടനും സംവിധായകനുമായ മേജര്‍ രവിയും രംഗത്തെത്തിയിരുന്നു. ആദ്യ ഷോ കണ്ടിട്ട് ഗംഭീര സിനിമയെന്ന് അഭിപ്രായപ്പെട്ട മേജര്‍ രവി പിന്നീട് തന്റെ നിലപാട് മാറ്റുകയായിരുന്നു. മോഹന്‍ലാല്‍ എമ്പുരാന്‍ മുഴുവനായി കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചു എന്നുമായിരുന്നു മേജര്‍ രവി പറഞ്ഞത്.

Content Highlight: Devan saying Empuraan is Anti National movie

We use cookies to give you the best possible experience. Learn more