| Thursday, 14th August 2025, 8:52 pm

വിനായകന്‍ നല്ല നടനാണെങ്കിലും യേശുദാസിന്റെയും അടൂരിന്റെയും അടുത്ത് നില്‍ക്കാന്‍ പറ്റുമോ? ദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, നിര്‍മാതാവ്, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിച്ചയാളാണ് ദേവന്‍. 44 വര്‍ഷമായി സിനിമാലോകത്ത് നില്‍ക്കുന്ന ദേവന്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. നിലവില്‍ AMMAയുടെ തലപ്പത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് ദേവന്‍.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഗായകന്‍ യേശുദാസിനുമെതിരെ നടന്‍ വിനായകന്‍ അടുത്തിടെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ചലച്ചിത്ര കോണ്‍ക്ലേവിലെ ദളിത്- സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് അടൂരിനെതിരെ വിനായകന്‍ രംഗത്തെത്തിയത്. ഒപ്പം യേശുദാസിനെയും നടന്‍ വിമര്‍ശിച്ചത് വലിയ ചര്‍ച്ചയായിരുന്നു. വിനായകന്റെ പോസ്റ്റില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ദേവന്‍.

‘വിനായകന്‍ നല്ലൊരു നടനാണ് എന്നല്ലാതെ അയാള്‍ പറയുന്ന കാര്യങ്ങള്‍ക്കൊന്നും പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. അവഗണിച്ച് വിടുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അതാണ് ഏറ്റവും ബെസ്റ്റ്. നമ്മള്‍ ഇത് കുത്തിപ്പൊക്കുമ്പോഴാണ് പ്രശ്‌നം. മീഡിയകളെല്ലാം ഇത് കുത്തിപ്പൊക്കുമ്പോഴാണ് വിനായകന് ബൂസ്റ്റ് കിട്ടുന്നത്. അവരുടെ ആവശ്യവും അതൊക്കെ തന്നെയാണ്.

ഇങ്ങനെയൊരു പോസ്റ്റിടുമ്പോള്‍ അത് മീഡിയ കുത്തിപ്പൊക്കും. ഞാന്‍ ചോദിക്കുന്നത്, യേശുദാസിന്റെയും അടൂര്‍ ഗോപാലകൃഷ്ണന്റെയുമൊക്കെ മുന്നില്‍ വിനായകന് നില്‍ക്കാന്‍ പറ്റുമോ എന്നാണ്. അവരൊക്കെ എവിടെ കിടക്കുന്നവരാണ്? അവര്‍ക്കെതിരെ വിനായകന്‍ എന്തെങ്കിലും പറഞ്ഞാല്‍ നമ്മള്‍ പ്രതികരിക്കും. അങ്ങനെ പ്രതികരിക്കുമ്പോള്‍ വിനായകന്‍ വലിയ ആളാകും. അങ്ങനെ ആരെയും വലിയ ആളാക്കരുത് എന്നാണ് എന്റെ അഭിപ്രായം,’ ദേവന്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ കാര്യത്തിലും താരം തന്റെ നിലപാട് വ്യക്തമാക്കി. ജൂറി എന്ന് പറയുന്നത് 12 പേരുടെ ഒരുകൂട്ടമാണെന്ന് ദേവന്‍ പറഞ്ഞു. അവരാണ് അവാര്‍ഡ് തീരുമാനിക്കുന്നതെന്നും അവര്‍ ഒരുമിച്ചിരുന്ന് എടുക്കുന്ന തീരുമാനത്തിന് യൂണിവേഴ്‌സല്‍ അക്‌സപ്റ്റന്‍സ് കിട്ടണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവാര്‍ഡിന്റെ കാര്യത്തില്‍ അവരെടുക്കുന്ന തീരുമാനം അവരില്‍ മാത്രം ചുരുങ്ങിനില്‍ക്കുന്ന ഒന്നാണ്. അവരുടെ മനസില്‍ ആ സമയത്ത് വന്ന അഭിപ്രായമാണ് അവാര്‍ഡായി മാറുന്നത്. ആ തീരുമാനവും ജനങ്ങളുടെ മനസില്‍ വലിയ സ്വാധീനമുണ്ടാക്കിയ സിനിമകളും പലപ്പോഴും ഒത്തുപോകണമെന്നില്ല. അതുകൊണ്ടാണ് പലപ്പോഴും വിവാദങ്ങളുണ്ടാകുന്നത്,’ ദേവന്‍ പറയുന്നു.

Content Highlight: Devan express his opinion on post of Vinayakan against Yesudas and Adoor Gopalakrishnan

We use cookies to give you the best possible experience. Learn more