| Friday, 27th March 2026, 10:35 am

ഇറാൻ - അമേരിക്ക സംഘർഷം പെട്രോഡോളറിന്റെ തകർച്ചയ്ക്ക് കാരണമായേക്കാമെന്ന് ഡച്ച് ബാങ്ക്

മുഹമ്മദ് നബീല്‍

ആംസ്റ്റർഡാം: ഇറാനെതിരായ അമേരിക്ക – ഇസ്രഈൽ ആക്രമണം മൂർധന്യാവസ്ഥയിലെത്തിയതോടെ പെട്രോഡോളർ കൂപ്പുകുത്തിയേക്കാമെന്ന് ഡച്ച് ബാങ്ക്.

ബാങ്കിന്റെ ഗവേഷണ വിഭാഗം ഈ ആഴ്ച പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ഡോളറിനെ ലോകത്തിന്റെ കരുതൽ കറൻസിയാകുന്നതിൽ പശ്ചിമേഷ്യ നൽകുന്ന വലിയ പ്രാധാന്യത്തെ കുറച്ചുകാണരുത്. നിലവിലെ സംഘർഷം പെട്രോഡോളറിന്റെ അടിത്തറയെത്തന്നെ പരീക്ഷിച്ചേക്കാം,’ ഡച്ച് ബാങ്ക് ഗവേഷക മല്ലിക റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള കരാറിലൂടെയാണ് പെട്രോഡോളർ എന്ന സംവിധാനം നിലവിൽ വന്നത്. ഈ കരാർ പ്രകാരം ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ ക്രൂഡ് ഓയിൽ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് യു.എസ് ഡോളറിൽ വിൽക്കുകയും, അതിലൂടെ ലഭിക്കുന്ന വരുമാനം തിരിച്ച് അമേരിക്കയിൽത്തന്നെ നിക്ഷേപിക്കുകയും ചെയ്യുന്നു.

ഗൾഫ് രാജ്യങ്ങൾ പ്രധാനമായും അമേരിക്കൻ ട്രഷറി ബോണ്ടുകൾ വാങ്ങിയാണ് ഇത് ചെയ്യുന്നത്. ഇത് സാധാരണയായി പലിശ നിരക്കുകൾ കുറച്ചുനിർത്താൻ സഹായിക്കുന്നു. ഇത് അമേരിക്കൻ പൗരന്മാർക്കും യു.എസ് സർക്കാരിനും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവിൽ പണം കടമെടുക്കാൻ അവസരമൊരുക്കുന്നു.

യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഏറ്റവും കൂടുതൽ അമേരിക്കൻ ട്രഷറി ബോണ്ടുകൾ വാങ്ങിയ 20 രാജ്യങ്ങളിൽ ഉൾപെടും. ഈ രണ്ട് രാജ്യങ്ങൾക്കും 250 ബില്യൺ ഡോളർ നിക്ഷേപമുണ്ട്.

സൗദി അറേബ്യ തങ്ങളുടെ എണ്ണയുടെ വില ഡോളറിൽ നിശ്ചയിക്കാനും ആ പണം യു.എസ് ബോണ്ടുകളിൽ നിക്ഷേപിക്കാനും സമ്മതിച്ചതിനെത്തുടർന്ന് 1974 ലാണ് പെട്രോഡോളർ സംവിധാനം ആരംഭിച്ചത്. ഇതിനു പകരമായി അമേരിക്ക സൗദി അറേബ്യക്ക് സൈനിക സഹായങ്ങൾ നൽകിപ്പോരുന്നുണ്ട്. ഇത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അമേരിക്കൻ സാന്നിധ്യം ഉറപ്പിക്കാൻ കാരണമായിട്ടുണ്ട്.

Content Highlight: Deutsche Bank warns that Iran-US conflict could lead to collapse of petrodollar

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more