| Monday, 28th September 2026, 12:00 pm

'പൗരത്വം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലിയല്ല'; മുന്‍ സുപ്രീം കോടതി ജഡ്ജി സുധാന്‍ഷു ധൂലിയ

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളുടെ പൗരത്വം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയല്ലെന്ന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ.

പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രീം കോടതി നേരത്തെ തന്നെ നിയമം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നും ധൂലിയ പറഞ്ഞു.

ബിഹാറിലെ വോട്ടര്‍പട്ടികയുടെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് 2025 ജൂലൈയില്‍ താന്‍ നടത്തിയ പരാമര്‍ശം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന വ്യക്തി ഇന്ത്യന്‍ പൗരനായിരിക്കണം എന്നത് ശരിയാണ്. എന്നാല്‍ പൗരത്വം നിര്‍ണയിക്കുന്ന അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമല്ലെന്ന് ധൂലിയ വ്യക്തമാക്കി.

വോട്ടര്‍പട്ടിക പുതുക്കുന്നതിനായി നിരവധി രേഖകള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തെയും ധൂലിയ ചോദ്യം ചെയ്തു. ആധാര്‍, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ പരിഗണിക്കുന്നതിനെക്കുറിച്ചാണ് താന്‍ കോടതിയില്‍ നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ നടപടികളോട് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ 10 മാസത്തിനിടെ 14 തവണ രേഖാമൂലം എതിര്‍പ്പ് അറിയിച്ചെന്ന റിപ്പോര്‍ട്ടിനെക്കുറിച്ചും ധൂലിയ പ്രതികരിച്ചു. അത്തരമൊരു എതിര്‍പ്പുണ്ടെങ്കില്‍ അത് ഗൗരവമുള്ള വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.

2025 ജൂലൈയില്‍ ബിഹാറിലെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിശോധനയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ച ബെഞ്ചില്‍ ജസ്റ്റിസ് ധൂലിയയും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അംഗങ്ങളായിരുന്നു.

വോട്ടര്‍പട്ടികയില്‍ നിന്ന് ഒരാളെ നീക്കം ചെയ്യുന്നതിന് മുമ്പ് നടപടിക്രമങ്ങളും കേള്‍ക്കാനുള്ള അവസരവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അന്ന് കോടതി നിരീക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: ‘Determining citizenship is not the Election Commission’s job’: Former Supreme Court Judge Sudhanshu Dhulia.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more