| Saturday, 4th July 2026, 5:37 pm

യു.എസ് സമ്മര്‍ദം അവഗണിച്ച് ഖാംനഇയുടെ സംസ്‌കാരത്തിനെത്തിയത് നൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍

നിഷാന. വി.വി

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടക്കാനായി എത്തിച്ചേര്‍ന്നത് നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍. ഏഷ്യയില്‍ നിന്നുള്ള പ്രതിനിധികളാണ് ചടങ്ങില്‍ പങ്കെടുത്തവരില്‍ കൂടുതലും. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പം അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും സംസ്‌കാര ചടങ്ങിനെത്തി.

അതേസമയം, ഖാംനഇയുടെ സംസ്‌കാര ചടങ്ങിലും വിലാപ യാത്രയിലും പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അമേരിക്ക ആഗോള തലത്തില്‍ വലിയ സമ്മര്‍ദം ചെലുത്തിയതായി ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യു.എസ് ശ്രമങ്ങള്‍ക്കിടയിലും നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങുകളില്‍ പങ്കെടുത്തുവെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ വികസന സഹായം വെട്ടികുറയ്ക്കുമെന്നും ഉഭയകക്ഷി ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അമേരിക്ക മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് തസ്‌നിം വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എസ് സമ്മര്‍ദം കാരണം 13 രാജ്യങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാതെ പിന്മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏത് രാജ്യങ്ങളാണ് ഇത്തരത്തില്‍ പിന്മാറിയതെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയില്ല. എന്നാല്‍ മൂന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളും രണ്ട് പേര്‍ഷ്യന്‍ അറബ് രാജ്യങ്ങളും രണ്ട് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഇത്തരത്തില്‍ പിന്മാറിിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെയും യു.എസ് അംബാസഡര്‍മാരുടെയും അടക്കം ഇടപെടലോടെ ഉന്നത തലത്തിലാണ് ഇടപെടല്‍ നടന്നതെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സയും റിപ്പോര്‍ട്ട് ചെയ്തു. ഖാംനഇയുടെ സംസ്‌കാരത്തിന് പ്രതിനിധികളെ അയക്കാതിരിക്കാനായി എല്ലാ യു.എസ് എംബസികളും അതത് രാജ്യങ്ങളിലെ സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ജൂണ്‍ 26ന് റൂബിയോ രഹസ്യ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യ, യൂറോപ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ ഇറാഖാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രതിനിധി സംഘത്തെ അയച്ചതെന്ന് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. കുര്‍ദിസ്ഥാന്‍ മേഖലയുടെ പ്രസിഡന്റ് നെചീര്‍വന്‍ ബര്‍സാനി അടക്കമുള്ളവരടങ്ങിയ സംഘമാണ് ഇറാഖില്‍ നിന്ന് ഇറാനില്‍ സംസ്‌കാര ചടങ്ങിനായി എത്തിച്ചേര്‍ന്നത്. പശ്ചിമേഷ്യയില്‍ നിന്ന് ലെബനന്‍, ഫലസ്തീന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങിന് എത്തിച്ചേര്‍ന്നു.

ജി.സി.സി രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍നിന്ന് ഉപ വിദേശ കാര്യ മന്ത്രകി വലീദ് അല്‍-ഖുറൈജി, ഖതഖത്തര്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഘനീം എന്നിവര്‍ സംസ്‌കാര ചടങ്ങിനെത്തി. ഒമാനില്‍ നിന്ന് സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനും ബഹ്‌റൈനില്‍ നിന്ന് ശിയ സമുദായ പ്രതിനിധികളും ചടങ്ങിനെത്തി.

ഇന്ത്യയില്‍ നിന്ന് വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഘരീത ബീഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജെനറല്‍ (റിട്ടയേഡ്) സഈദ് ആതാ ഹുസൈന്‍ എന്നിവരാണ് ഔദ്യോഗിക പ്രതിനിധികളായി ചടങ്ങിലെത്തിയത്. ദക്ഷിണേഷ്യയില്‍ നിന്ന് ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങിലെത്തി.

ചൈനയില്‍ നിന്ന് വൈസ് ചെയര്‍മാന്‍ ഹെ വെയ് ചടങ്ങിനെത്തി. തുര്‍ക്കി, ദക്ഷിണ കോറിയ, ഉത്തര കൊറിയ, അര്‍മേനിയ, ജോര്‍ജിയ, താജികിസ്ഥാന്‍, തുര്‍ക്‌മെനിസ്ഥാന്‍, കസാകിസ്ഥാന്‍, തായ്‌ലാന്‍ഡ്, മലേഷ്യ, മ്യാന്‍മര്‍ രാജ്യങ്ങളില്‍ നിന്നും ചടങ്ങിലേക്ക് ഔദ്യോഗിക പ്രതിനിധികളെത്തി.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈജിപ്തില്‍നിന്ന് സെനറ്റ് സ്പീക്കര്‍ ചടങ്ങിലെത്തി. ദക്ഷിണാഫ്രിക്ക, ഡി.ആര്‍. കോംഗോ, ടുണീഷ്യ, ബുര്‍കിന ഫാസോ, നമീബിയ, ടാന്‍സാനിയ, നൈജീരിയ, സെനഗള്‍ എന്നീ രാജ്യങ്ങളും ഔദ്യോഗിക പ്രതിനിധികളെ അയച്ചിരുന്നു.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ക്യൂബയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രത്യേക പ്രതിനിധിയുമാണ് സംസ്‌കാര ചടങ്ങിനെത്തിയത്. നികരാഗ്വയില്‍ നിന്ന് വിദേശകാര്യമന്ത്രിയും ചടങ്ങിലെത്തി.

യൂറോപ്പില്‍ നിന്ന് റഷ്യ, ബെലാറസ്, ബള്‍ഗേറിയ, സെര്‍ബിയ, ജെര്‍മനി എന്നി രാജ്യങ്ങളുടെ പ്രതിനിധികളാണ് സംസ്‌കാര ചടങ്ങിനെത്തിയത്.

ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോഓപ്പറേഷന്‍, ഡി8 ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോഓപപ്പറേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിനെത്തിയിരുന്നു.

Content Highlight: Despite Reports of US pressure Representatives of over 100 Countries Participated in Khamnei’s Farewell Event

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more