ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സി.ജെ.പി നടത്തിയ മാര്‍ച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ മാതാപിതാക്കള്‍. മകന്റെ സുരക്ഷയെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കിലും മകനോട് സമരത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ ആവശ്യപ്പെടില്ലെന്ന് ദീപ്‌കെയുടെ പിതാവ് ഭഗവാന്‍ ദീപ്‌കെ പറഞ്ഞു.
‘ അവന്‍ സ്വന്തം നിലയ്ക്കാണ് സമരം ആരംഭിച്ചത്. ഈ ഘട്ടത്തില്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറാന്‍ ഞങ്ങള്‍ക്കവരോട് ആവശ്യപ്പെടാനാവില്ല,’ അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
അഭിജിതിന്റെ മാതാവ് അനിതയും പൊലീസ് നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. പതിനെട്ടിനും ഇരുപതിനും ഇടയില്‍ പ്രായമായ കുട്ടികളോട് തീവ്രവാദികളോടെന്ന പോലെയാണോ പെരുമാറേണ്ടതെന്നും അവര്‍ ചോദിച്ചു.
‘ ഈ കുട്ടികള്‍ ഒരു മാസത്തോളമായി സ്വന്തം ഭാവിയെക്കുറിച്ച് ഓര്‍ത്ത് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. അവരുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം അവരെ ലാത്തിച്ചാര്‍ജ് ചെയ്യുകയാണ് ചെയ്തത്.
സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും തീരുമാനമെടുക്കുകയും ചെയ്യണമായിരുന്നു. മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു. ആ കുട്ടികള്‍ക്ക് സംഭവിച്ചത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്,’ ദീപ്‌കെയുടെ മാതാവ് പറഞ്ഞു.
ജനങ്ങളുടെ പ്രതിഷേധത്തോടുള്ള പൊലീസിന്റെ ക്രൂരമായ പ്രതികരണം സര്‍ക്കാരിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്ന് ഭഗവാന്‍ ദിപ്‌കെ പറഞ്ഞു. ഇന്നലെ സംഭവിച്ചത് വളരെ ദാരുണമാണെന്നും പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന് മുന്‍പ് ഒരിക്കലും പൊലീസിന്റെ ലാത്തിച്ചാര്‍ജ് നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇവര്‍ ഉന്നത വിദ്യാഭ്യാസമുള്ള കുട്ടികളാണ്, അക്രമത്തിനോ അടിയുണ്ടാക്കാനോ പോയവരല്ല. അവരുടെ സമരം സമാധാനപരമായിരുന്നു. ഭരണകൂടത്തിന് അഹങ്കാരം കൂടിയിരിക്കുന്നു, തങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അവര്‍ കരുതുന്നു. ഒരു സര്‍ക്കാര്‍ വളരെക്കാലം അധികാരത്തില്‍ തുടരുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്,’ ദീപ്‌കെയുടെ പിതാവ് പറഞ്ഞു.
സമാധാനപരമായ പ്രതിഷേധത്തിനിടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അധികാരികള്‍ അക്രമത്തിന് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഈ വിദ്യാര്‍ത്ഥികള്‍ വിദ്യാസമ്പന്നരും ഉത്തരവാദിത്തമുള്ളവരുമാണ്; ക്രമസമാധാനം തകരാറിലാക്കുന്ന ഒന്നും അവര്‍ ചെയ്യില്ല. ഇന്നലെ നടന്നത് ഭരണകൂടം പിന്തുണച്ച ഒരു കലാപം പോലെയാണ് തോന്നിയത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സി.ജെ.പിയുടെ ‘ചലോ സംസാദ്’ മാര്‍ച്ചില്‍ പങ്കെടുത്ത 70 ലധികം വിദ്യാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയിലാണ്. പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിന് പിന്തുണയറിയിച്ച് ധര്‍ണ നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധിയടക്കമുള്ള നേതാക്കളെയും ഇന്നലെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Content Highlight: Despite our concerns, we will not ask them to withdraw from the protest at this stage; the police’s response reflects the government’s arrogance: Deepke’s parents.