| Saturday, 10th January 2026, 8:34 pm

ഇയാളുടെ സ്റ്റാര്‍ഡത്തിന് വട്ടം വെക്കാന്‍ ആരുമില്ലേ, നെഗറ്റീവ് റിവ്യൂവിലും ഫസ്റ്റ് ഡേ കളക്ഷനില്‍ ചരിത്രമെഴുതി പ്രഭാസിന്റെ രാജാസാബ്

അമര്‍നാഥ് എം.

ബാഹുബലിയിലൂടെ തെലുങ്കിന് പുറത്ത് തന്റെ മാര്‍ക്കറ്റ് വ്യാപിപ്പിച്ച താരമാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷം മോശം സിനിമകള്‍ പ്രഭാസിന്റേതായി പുറത്തിറങ്ങിയെങ്കിലും അവയെല്ലാം കളക്ഷന്റെ കാര്യത്തില്‍ പല റെക്കോഡുകളും സൃഷ്ടിച്ചു. ആദ്യദിനം തന്നെ 100 കോടി കളക്ഷന്‍ നേടിയ അഞ്ച് സിനിമകളാണ് പ്രഭാസിന്റേതായി ഉള്ളത്.

കല്‍ക്കി എന്ന ഗംഭീര ഹിറ്റിന് ശേഷം പ്രഭാസ് നായകനായ രാജാസാബ് കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയിരുന്നു. ആരാധകര്‍ക്കിടയില്‍ വന്‍ ഹൈപ്പുണ്ടായിരുന്ന ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നാണ് പ്രീമിയര്‍ ഷോയ്ക്ക് ശേഷം പുറത്തുവന്ന പ്രതികരണങ്ങള്‍. ആദ്യദിനം തന്നെ ബോക്‌സ് ഓഫീസില്‍ വീഴുമെന്ന് കണക്കുകൂട്ടിയ ചിത്രം കളക്ഷനില്‍ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്.

രാജാസാബ് Photo: Theatrical poster

94 കോടിയാണ് രാജാസാബ് ആദ്യദിനം നേടിയത്. ബുക്കിങ് ആരംഭിക്കാന്‍ വൈകിയത് പലയിടത്തെയും ഷോയെ ബാധിച്ചിരുന്നു. പ്രോപ്പര്‍ ബുക്കിങ് ഉണ്ടായിരുന്നെങ്കില്‍ കരിയറിലെ ആറാമത്തെ 100 കോടി ഓപ്പണിങ് പ്രഭാസ് നേടിയേനെ. എന്നാല്‍ ആദ്യദിന കളക്ഷന്‍ നിര്‍മാതാക്കള്‍ പെരുപ്പിച്ച് കാണിച്ചിരിക്കുകയാണ്. 126 കോടി നേടിയെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

നെഗറ്റീവ് റിവ്യൂ ഉണ്ടായിട്ടും ആദ്യദിനം ഇത്രയും വലിയ കളക്ഷന്‍ നേടാനായത് പ്രഭാസിന്റെ സ്റ്റാര്‍ഡം എത്രമാത്രം വലുതാണെന്ന് തെളിയിക്കുകയാണ്. തെലുങ്കില്‍ മറ്റൊരു നടനും ഈ സ്ഥിരത അവകാശപ്പെടാനില്ല. പോപ്പുലാരിറ്റി കൊണ്ടും ഫാന്‍ ബേസ് കൊണ്ടും പ്രഭാസിന് വട്ടം വെക്കാന്‍ മറ്റൊരു താരമില്ലെന്നതിന്റെ അവസാന ഉദാഹരണമാണ് രാജാസാബിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍.

പ്രഭാസ് Photo: Screen grab/ People Media Factory

ആദ്യദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനം ചിത്രത്തിന് അത്ര ബുക്കിങ്ങില്ലെന്നും ട്രാക്കര്‍മാര്‍ വിലയിരുത്തുന്നുണ്ട്. ഈ വീക്കെന്‍ഡിന് ശേഷം ബോക്‌സ് ഓഫീസില്‍ രാജാസാബിന് അത്ര ശുഭകരമായിരിക്കില്ല കാര്യങ്ങളെന്നും അഭിപ്രായമുണ്ട്. സംക്രാന്തിക്ക് തെലുങ്കില്‍ വമ്പന്‍ സിനിമകള്‍ പുറത്തിറങ്ങുന്നതും രാജാസാബിന് തിരിച്ചടിയായേക്കും.

റിലീസിന് മുമ്പ് സംവിധായകന്‍ പറഞ്ഞ വാക്കുകളെല്ലാം കഴിഞ്ഞദിവസം ട്രോള്‍ മെറ്റീരിയലായി മാറി. രാജാസാബിലെ ഒരു സീനെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ ആരാധകര്‍ക്ക് തന്റെ വീട്ടിലേക്ക് വരാമെന്നായിരുന്നു സംവിധായകന്‍ മാരുതി പറഞ്ഞത്. കഴിഞ്ഞദിവസം ട്രോളന്മാരുടെ പ്രധാന ഇര മാരുതിയായിരുന്നു. ട്രെയ്‌ലറില്‍ കാണിച്ച പ്രഭാസിന്റെ വയസായ ഗെറ്റപ്പ് ചിത്രത്തില്‍ ഇല്ലാതിരുന്നതും ആരാധകരെ നിരാശരാക്കി.

പ്രഭാസ് Photo: Screen grab/ People Media Factory

450 കോടി ബജറ്റിലാണ് രാജാസാബ് ഒരുങ്ങിയത്. തന്റെ മുത്തശ്ശനെ അന്വേഷിച്ച് ഹൈദരബാദിലെത്തുന്ന രാജാ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ ചിത്രത്തിലെ വി.എഫ്.എക്‌സ് രംഗങ്ങളെല്ലാം ട്രോള്‍ മെറ്റീരിയലായി മാറിയിട്ടുണ്ട്. മാളവിക മോഹനന്‍, റിദ്ധി കുമാര്‍, നിധി അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Content Highlight: Despite negative reviews Rajasaab collected more than 90 crores on first day

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more