| Tuesday, 9th September 2025, 9:12 am

പരാജയപ്പെട്ടിട്ടും വീണ്ടും അവസരങ്ങൾ വരുന്നു; അഭിനയം മടുത്തുതുടങ്ങി: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പരിചിതനായ നടന്മാരിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. 2013ൽ സഹോദരനായ വിനീത് സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ ലൗ ആക്ഷൻ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാൻ തെളിയിച്ചു.

തു‌ടർച്ചയായി സിനിമയിൽ അഭിനയിക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട് എപ്പോഴും. ഇപ്പോൾ തനിക്ക് സംവിധാനം ചെയ്യാനാണ് ഇഷ്ടമെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. പരാജയപ്പെട്ടിട്ടും എന്തുകൊണ്ടാണ് വീണ്ടും അവസരങ്ങൾ വരുന്നത് എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എനിക്ക് സിനിമ വിജയിച്ചാൽ വലിയ സന്തോഷമോ പരാജയപ്പെട്ടാൽ സങ്കടമോ തോന്നാറില്ല. അച്ഛന്റെ ജീവിതത്തിൽ നിന്നും സിനിമയിലെ ഉയർച്ചകളും താഴ്ചകളുമെല്ലാം കണ്ടിട്ടുണ്ട്. എന്നെ അമ്പരപ്പിച്ച വിജയം ഞാൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന സിനിമയുടേതായിരുന്നു.

ഒരു ശരാശരി, അല്ലെങ്കിൽ അതിനു തൊട്ടു മുകളിൽ നിൽക്കും എന്ന പ്രതീക്ഷയേ ലവ് ആക്ഷൻ ഡ്രാമയെക്കുറിച്ച് എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, അത് വലിയ ഹിറ്റ് ആയി. അതൊരു ഗംഭീര സിനിമയാണ് എന്ന അഭിപ്രായം അന്നും ഇന്നും എനിക്കില്ല,’

സിനിമയോട് ഭയങ്കരമായ അഭിനിവേശമുള്ള ഉള്ളിൽ തീ കൊണ്ടുനടക്കുന്ന ആളല്ല താനെന്നും സിനിമയുടെ ഭാഗമാകണമെന്നുള്ള ആഗ്രഹം മാത്രമാണ് തനിക്കുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിൽ തനിക്ക് അവസരങ്ങൾ കൂടുതലും വരുന്നത് അഭിനയിക്കാനാണെന്നും ഒരു സിനിമ മാത്രമാണ് താൻ സംവിധാനം ചെയ്തിട്ടുള്ളതെന്നും ധ്യാൻ പറഞ്ഞു. അഭിനയം ഒരു ജോലിയായിട്ടാണ് താൻ കണ്ടിട്ടുള്ളതെന്നും ആരുടെയും അടുത്തു പോയി തനിക്ക് സിനിമ തരണം എന്നു പറയാറില്ലെന്നും ധ്യാൻ പറയുന്നു.

പരാജയപ്പെട്ടിട്ടും തനിക്ക് വീണ്ടും വീണ്ടും അവസരങ്ങൾ വരുന്നുണ്ടെന്നും അതിന്റെ കാരണം എന്താണെന്നറിയില്ലെന്നും നടൻ പറയുന്നു. എന്നാലിപ്പോൾ അഭിനയം മടുത്തുതുടങ്ങിയെന്നും നിലവിൽ പറഞ്ഞുവച്ച സിനിമകൾ അഭിനയിച്ചു കഴിഞ്ഞാൽ സംവിധാനത്തിലേക്ക് കടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.

Content Highlight: Despite failures, opportunities come again; I don’t know why says Dhyan Srinivasan

We use cookies to give you the best possible experience. Learn more