തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
മാധ്യമങ്ങളില്‍ വരുന്ന അത്രയും ഭീമാകാരമായ വിഷയങ്ങള്‍ ആശുപത്രിയിലില്ലെന്നും വാര്‍ത്തകള്‍ വരുന്നതിന് മുന്നേ യോഗം ചേര്‍ന്നിരുന്നെങ്കില്‍ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാമെന്നും സഹമന്ത്രി പറഞ്ഞു.
എച്ച്.എല്‍.എല്ലിന് കീഴിലുള്ള അമൃത് ഫാര്‍മസി വഴി ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കിയ സുരേഷ് ഗോപി പുതിയ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും ഒരാഴ്ചകളില്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുമെന്നും പ്രതികരിച്ചു.
അഴിമതി രഹിത പരിഹാരമാണ് വേണ്ടതെന്നും നാളെ (ചൊവ്വ) മുതല്‍ പ്രശ്‌നപരിഹാരത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഒരാഴ്ചക്കുള്ളില്‍ ശസ്ത്രക്രിയ തുടങ്ങാമെന്നും സുരേഷ് ഗോപി പറഞ്ഞു. യോഗത്തില്‍ ചര്‍ച്ചയിലെടുത്ത വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും സഹമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ശ്രീചിത്ര ആശുപത്രിയില്‍ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ ഇന്ന് മുതല്‍ നിലയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന 15 ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ശസ്ത്രക്രിയ മാറ്റിയ വിവരം രോഗികളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
ഉപകരണങ്ങളും മരുന്നുകളും ഇല്ലാത്തതിനാല്‍ നിശ്ചയിച്ചപ്രകാരം ശസ്ത്രക്രിയ നടക്കില്ലെന്നായിരുന്നു അറിയിപ്പ്. ശസ്ത്രക്രിയക്കായി അഡ്മിറ്റ് ചെയ്ത കുട്ടികളെ ഉള്‍പ്പെടെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള നടപടിയും ആരംഭിച്ചിരുന്നു.
2023ന് ശേഷം ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളുമായി ശ്രീചിത്ര കരാര്‍ പുതുക്കിയിട്ടില്ലെന്നാണ് വിവരം.
വില വര്‍ധിച്ചതോടെ വിദേശനിര്‍മിത സാമഗ്രികള്‍ പഴയനിരക്കില്‍ നല്‍കാനാകില്ലെന്ന് കമ്പനികള്‍ അറിയിച്ചതോടെയാണ് കരാര്‍ തടസപ്പെട്ടത്. ഔദ്യോഗിക ചാനല്‍ വഴി മാത്രമേ ഉപകരണങ്ങള്‍ വാങ്ങുകയുള്ളുവെന്ന ശ്രീചിത്ര ഡയറക്ടര്‍ സഞ്ജയ് ബിഹാരിയുടെ നിലപാടും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന് വിവരം.
നിലവില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഡയറക്ടറുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡയറക്ടറുടെ മുറിയിലേക്ക് തള്ളി കയറാന്‍ ശ്രമിക്കുകയായിരുന്നു.
Content Highlight: Despite central minister suresh gopi intervention, it will take a week to resolve the issue in Sree Chitra