| Friday, 22nd August 2025, 4:40 pm

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വാര്‍ത്തയുള്ള ദേശാഭിമാനിയില്‍ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ്; കാലം കണക്കുചോദിക്കാതെ പോകില്ലെന്ന് ഇടതുപ്രൊഫൈലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വാര്‍ത്തയുള്ള ദേശാഭിമാനിയില്‍ ഡി.വൈ.എഫ്.ഐ പൊതിച്ചോറുകള്‍ പൊതിഞ്ഞ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാലം കണക്കുചോദിക്കാതെ പോകില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇടതുപ്രൊഫൈലുകള്‍ ചിത്രം പങ്കുവെക്കുന്നത്.

ഡി.വൈ.എഫ്. ഐ പൊതിച്ചോറിന്റെ മറവില്‍ അനാശാസ്യം നടത്തുന്നു എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍പ് ഒരു പ്രസംഗത്തില്‍ പറഞ്ഞത്.

‘നമ്മുടെ തന്നെ പല നേതാക്കന്‍മാര്‍ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറിനെ പറ്റിയൊക്കെ വാചാലരാകുന്ന ചില പ്രസംഗങ്ങള്‍ വളരെ വേദനയോടുകൂടി കേള്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനാണ് ഞാന്‍.

ഡി.വൈ.എഫ്.ഐ എന്ന് പറയുന്ന യുവജന സംഘടനയ്ക്ക് കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ആകെ ചെയ്യുന്ന പണി പൊതിച്ചോറാണ്. ആ വിതരണത്തിന് പിന്നിലൂടെ നടക്കുന്ന അനാശാസ്യ, നിയമവിരുദ്ധ ഏര്‍പ്പാടുകളെ പറ്റി ഈ വേദിയില്‍ നിന്നുകൊണ്ട് ഞാന്‍ പറയുന്നില്ല,’ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.

ആ പൊതിച്ചോറ് കഴിച്ച ഓരോരുത്തരുടേയും കണ്ണീരാണ് ഇപ്പോള്‍ ഇയാള്‍ അനുഭവിക്കുന്നതെന്നും പാവങ്ങളുടെ ഒരു നേരത്തെ അന്നത്തെ അനാശാസ്യവുമായി ബന്ധപ്പെടുത്തി സംസാരിച്ച നിങ്ങള്‍ക്ക് കാലം മറുപടി നല്‍കിയെന്നുമാണ് കമന്റുകള്‍.

പൊതിച്ചോറിന്റെ മറവില്‍ ഡി.വൈ.എഫ്.ഐ അനാശാസ്യം നടത്തുന്നു എന്നു പറഞ്ഞയാള്‍ അനാശ്യാസം നടത്തി സമൂഹ വിചാരണ നേരിടുന്ന കാഴ്ച. കാലം കണക്ക് ചോദിക്കാതെ പോകില്ല. തീര്‍ന്നിട്ടില്ല എന്നിങ്ങനെയാണ് കമന്റുകള്‍.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാഹാഭ്യര്‍ഥന നടത്തി ബന്ധം സ്ഥാപിക്കുകയും ലൈംഗിക ബന്ധത്തിന് ശേഷം പിന്മാറുകയും ചെയ്‌തെന്ന് ഇന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തിയിരുന്നു.

ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്നാണ് നിരവധി പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.

Content Highlight: Deshabhimani news of Rahul Mamkootatil’s resignation and DYFI Pothichoru

We use cookies to give you the best possible experience. Learn more