| Sunday, 13th July 2025, 6:03 pm

ദാവൂദിനെ പിന്തുണച്ച് KUWJ; വര്‍ഗീയതയ്ക്ക് കുടപിടിക്കരുതെന്ന് ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വര്‍ഗീയ നിലപാടിന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കുടപിടിക്കരുതെന്ന് ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്‍ (ഡി.ജെ.യു). മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഡി.ജെ.യു വിഷയത്തില്‍ വിയോജിപ്പ് വ്യക്തമാക്കിയത്. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന ഭാരവാഹികള്‍ക്ക് അയച്ച കത്തിലാണ് ഡി.ജെ.യു ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറം വണ്ടൂരില്‍ നടന്ന സി.പി.ഐ.എം പ്രവര്‍ത്തകരുടെ പ്രകോപനകരമായ മുദ്രാവാക്യം വിളികള്‍ക്ക് പിന്നാലെയാണ് കെ.യു.ഡബ്ല്യൂ.ജെ ദാവൂദിനെ പിന്തുണച്ച് പ്രസ്താവനയിറക്കിയത്.

മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ ഇത്തരം അവകാശ ലംഘനങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പരസ്യമായി രംഗത്തിറങ്ങുന്നത് പ്രതിഷേധാര്‍ഹമാണെന്നും മാധ്യമങ്ങളുടെ നിലപാടുകളോട് വിയോജിക്കാനും അസത്യമുണ്ടെങ്കില്‍ അത് തുറന്നുകാട്ടാനും ഒട്ടേറെ മാര്‍ഗമുണ്ടെന്നിരിക്കെ മാധ്യമപ്രവര്‍ത്തകനെ ശാരീരികമായി ഇല്ലാതാക്കുന്നത് സി.പി.ഐ.എം പോലുള്ള സംഘടനകള്‍ക്ക് ഭൂഷണമല്ല എന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഡി.ജെ.യു തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കിയത്. ചരിത്ര വസ്തുതകളെ വക്രീകരിച്ച് സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാന്‍ നടത്തുന്ന പ്രചാരണ പരിപാടികളെ മാധ്യമപ്രവര്‍ത്തനമായി കാണാനാവില്ലെന്ന് യൂണിയന്‍ ഭാരവാഹികള്‍ക്കെഴുതിയ കത്തില്‍ ഡി.ജെ.യു വ്യക്തമാക്കി.

‘കഴിഞ്ഞദിവസം മലപ്പുറത്ത് പ്രാദേശികമായി നടന്ന പ്രകടനത്തിലെ മുദ്രാവാക്യമാണല്ലോ യൂണിയന്‍ കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയ്ക്കാധാരം. ആ മുദ്രാവാക്യം ഉയരാനുള്ള സാഹചര്യത്തെ തീര്‍ത്തും അവഗണിച്ചുകൊണ്ടും യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഏകപക്ഷീയമായും ധൃതിപ്പെട്ടും പ്രസ്താവന ഇറക്കിയത് ദൗര്‍ഭാഗ്യകരമാണ്.

ചരിത്ര വസ്തുതകളെ വക്രീകരിച്ച് സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാന്‍ നടത്തുന്ന പ്രചാരണ പരിപാടികളെ മാധ്യമപ്രവര്‍ത്തനമായി കാണാനാവില്ല. സി.പി.ഐ.എം നേതാവും വണ്ടൂര്‍ എം.എല്‍.എയുമായിരുന്ന എന്‍. കണ്ണന്‍ നിയമസഭയില്‍ 1999ല്‍ അവതരിപ്പിച്ച സബ്മിഷനില്‍ തീവ്രവാദ സംഘടനയായ എന്‍.ഡി.എഫിനെ പരമാര്‍ശിച്ചത് മുസ്‌ലിം വിരുദ്ധവും മലപ്പുറം വിരുദ്ധവുമാണെന്ന് വരുത്താനുള്ള ഹീന ശ്രമാണ് മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ എന്ന പദവി ഉപയോഗിച്ച് ജമാഅത്തെ ഇസ്‌ലാമി ശൂറാ കൗണ്‍സില്‍ അംഗമായ സി. ദാവൂദ് നടത്തിയത്.

ഇതിനെതിരെ കേരളമൊട്ടാകെ കഴിഞ്ഞദിവസങ്ങളില്‍ പ്രതികരണമുണ്ടായി. ജില്ലയില്‍ ക്രിസ്മസ് നക്ഷത്രങ്ങളും കറുത്ത മുണ്ടും വില്‍ക്കാന്‍ സമ്മതിക്കുന്നില്ല തുടങ്ങി ഗൂഢ വര്‍ഗീയ താത്പര്യങ്ങളോടെയുള്ള നുണപ്രചാരണങ്ങള്‍ക്കായും അദ്ദേഹം മാധ്യമപ്രവര്‍ത്തനവും മാധ്യമ സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തു,’ കത്തില്‍ ഡി.ജെ.യു വ്യക്തമാക്കി.

മതനിരപേക്ഷതയ്ക്കും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം. സ്വരാജിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനും അവഹേളിക്കാനും ദാവൂദ് ശ്രമിച്ചെന്നും ഇതിനെതിരെ പ്രാദേശികമായി ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യത്തെ മാധ്യമപ്രവര്‍ത്തനത്തിനു മേലുള്ള ആക്രമണമായി യൂണിയന്‍ വ്യാഖ്യാനിച്ചത് യുക്തിക്ക് നിരക്കുന്നതല്ലെന്നും ഡി.ജെ.യുടെ കത്തില്‍ പറയുന്നു.

മറ്റ് ചാനല്‍ ഉടമകളും രാത്രി ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട്. അവര്‍ പ്രതിയായ കേസുകള്‍ പരാമര്‍ശിച്ച് മുദ്രാവാക്യങ്ങളുയര്‍ന്നാലോ ദാവൂദ് സഭാ രേഖകള്‍ വളച്ചൊടിച്ചത് അവകാശ ലംഘനമാണെന്ന് സ്പീക്കര്‍ നോട്ടീസ് നല്‍കിയാലോ സമാന പ്രസ്താവനകളുണ്ടാകുമോ എന്നും ഡി.ജെ.യു ചോദ്യമുന്നയിച്ചു.

യൂണിയന്‍ അംഗമല്ലാത്ത, യൂണിയനെതിരെ പലവട്ടം നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് ദാവൂദെന്നും ഒരു സ്ഥാപനത്തിന്റെ മാനേജ്‌മെന്റിന്റെ ഭാഗമായ രാഷ്ട്രീയനേതാവിന് വേണ്ടി യൂണിയന്‍ ധൃതിപ്പെട്ട് ഇത്തരമൊരു പ്രസ്താവന ഇറക്കിയത് ദുരൂഹമാണെന്നും ഡി.ജെ.യു കത്തില്‍ പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ തകര്‍ക്കാന്‍ മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ പദവി ദുരുപയോഗം ചെയ്ത് സി. ദാവൂദ് നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ യൂണിയന്‍ പ്രസ്താവനയിറക്കണമെന്നും കഴിഞ്ഞ ദിവസത്തെ നിരുത്തരവാദപരമായ പ്രസ്താവന പിന്‍വലിക്കണമെന്നും ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്‍ കത്തില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്‍ കെ.യു.ഡബ്ല്യൂ.ജെ ഭാരവാഹികള്‍ക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി കഴിഞ്ഞദിവസം ഇറക്കിയ പ്രസ്താവന സംബന്ധിച്ച് ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്റെ വിയോജിപ്പും പ്രതിഷേധവും അറിയിക്കുന്നതിനാണ് ഈ കത്ത്. മതസൗഹാര്‍ദത്തിനും സഹിഷ്ണുതയ്ക്കും മാതൃകയായ സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും മതനിരപേക്ഷ ഉള്ളടക്കം വാര്‍ത്തയിലും അവതരണത്തിലും കാത്തുസൂക്ഷിക്കാന്‍ എക്കാലവും മലയാള മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം മലപ്പുറത്ത് പ്രാദേശികമായി നടന്ന പ്രകടനത്തിലെ മുദ്രാവാക്യമാണല്ലോ യൂണിയന്‍ കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയ്ക്കാധാരം. ആ മുദ്രാവാക്യം ഉയരാനുള്ള സാഹചര്യത്തെ തീര്‍ത്തും അവഗണിച്ചുകൊണ്ടും യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഏകപക്ഷീയമായും ധൃതിപ്പെട്ടും പ്രസ്താവന ഇറക്കിയത് ദൗര്‍ഭാഗ്യകരമാണ്. ചരിത്ര വസ്തുതകളെ വക്രീകരിച്ച് സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാന്‍ നടത്തുന്ന പ്രചാരണ പരിപാടികളെ മാധ്യമപ്രവര്‍ത്തനമായി കാണാനാവില്ല.

സി.പി.ഐ.എം നേതാവും വണ്ടൂര്‍ എം..എല്‍.എയുമായിരുന്ന എന്‍. കണ്ണന്‍ നിയമസഭയില്‍ 1999ല്‍ അവതരിപ്പിച്ച സബ്മിഷനില്‍ തീവ്രവാദ സംഘടനയായ എന്‍.ഡി.എഫിനെ പരമാര്‍ശിച്ചത് മുസ്‌ലിം വിരുദ്ധവും മലപ്പുറം വിരുദ്ധവുമാണെന്ന് വരുത്താനുള്ള ഹീന ശ്രമാണ് മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ എന്ന പദവി ഉപയോഗിച്ച് ജമാഅത്തെ ഇസ്‌ലാമി ശൂറാ കൗണ്‍സില്‍ അംഗമായ സി. ദാവൂദ് നടത്തിയത്. ഇതിനെതിരെ കേരളമൊട്ടാകെ കഴിഞ്ഞദിവസങ്ങളില്‍ പ്രതികരണമുണ്ടായി.

ജില്ലയില്‍ ക്രിസ്മസ് നക്ഷത്രങ്ങളും കറുത്ത മുണ്ടും വില്‍ക്കാന്‍ സമ്മതിക്കുന്നില്ല തുടങ്ങി ഗൂഢ വര്‍ഗീയ താത്പര്യങ്ങളോടെയുള്ള നുണപ്രചാരണങ്ങള്‍ക്കായും അദ്ദേഹം മധ്യമപ്രവര്‍ത്തനവും മാധ്യമ സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തു. മതനിരപേക്ഷതയ്ക്കും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം. സ്വരാജിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാനും അവഹേളിക്കാനും ദാവൂദ് ശ്രമിച്ചു. ഇതിനെല്ലാമെതിരെ പ്രാദേശികമായി ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യത്തെ മാധ്യമപ്രവര്‍ത്തനത്തിനു മേലുള്ള ആക്രമണമായി യൂണിയന്‍ വ്യാഖ്യാനിച്ചത് യുക്തിക്ക് നിരക്കുന്നതല്ല.

മറ്റു ചില ചാനല്‍ ഉടമകളും ഇപ്പോള്‍ രാത്രി ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടാറുണ്ടല്ലോ. അവര്‍ പ്രതിയായ കേസുകള്‍ പരാമര്‍ശിച്ചു മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നാല്‍, യൂണിയന്‍ സമാന പ്രസ്താവന ഇറക്കുമോ? ദാവൂദ് സഭാരേഖകള്‍ വളച്ചൊടിച്ചത് അവകാശ ലംഘനം ആണെന്ന് സ്പീക്കര്‍ നോട്ടീസ് നല്‍കിയാല്‍ അതിനെതിരെ മറ്റൊരു പ്രസ്താവന ഉണ്ടാകുമോ?

യൂണിയന്‍ അംഗമല്ലാത്ത, യൂണിയനെതിരെ പലവട്ടം നിലപാട് എടുത്തിട്ടുള്ള വ്യക്തിയാണ് ദാവൂദ്. ഒരു സ്ഥാപനത്തിന്റെ മാനേജ്‌മെന്റിന്റെ ഭാഗമായ രാഷ്ട്രീയനേതാവായ ഒരാള്‍ക്കുവേണ്ടി യൂണിയന്‍ ധൃതിപ്പെട്ട് ഇത്തരമൊരു പ്രസ്താവന ഇറക്കിയത് ദുരൂഹമാണ്. പ്രസ്തുത വ്യക്തി മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ തന്റെ വര്‍ഗീയ രാഷ്ട്രീയ താത്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ പ്രസ്താവനയില്‍ ഒരക്ഷരം ഉള്‍പ്പെടുത്താനുള്ള ആര്‍ജവം സംസ്ഥാനത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും പ്രതിനിധീകരിക്കുന്ന യൂണിയന്റെ നേതൃത്വത്തിന് ഉണ്ടായില്ല എന്നത് ദുഃഖകരമാണ്.

കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ തകര്‍ക്കാന്‍ മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ പദവി ദുരുപയോഗം ചെയ്ത് സി. ദാവൂദ് നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ യൂണിയന്‍ പ്രസ്താവന പുറത്തിറക്കണം. കഴിഞ്ഞ ദിവസത്തെ നിരുത്തരവാദപരമായ പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.

Content Highlight: Deshabhimani Journalist Union against KUWJ’s statement backing C. Dawood

We use cookies to give you the best possible experience. Learn more