| Friday, 7th March 2025, 9:09 pm

അര്‍ഹരായ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കണം; പോസ്റ്റുകൾ മൂന്ന് മാസത്തിനകം പ്രസിദ്ധീകരിക്കണം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്‌കൂളുകളിലെ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ നിയമനത്തില്‍ ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാരുടെ തസ്തിക എത്രയുണ്ടെന്ന് 12 ആഴ്ച്ചയ്ക്കകം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്നും അര്‍ഹരായവര്‍ക്ക് സ്ഥിര നിയമനം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

2016ലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കേസിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളിലെ സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിന് സ്ഥിരനിയമനം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ് ഇറക്കിയത്. എന്നാല്‍ പല സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കാത്തതിനാല്‍ കോടതി അലക്ഷ്യ ഹരജി സുപ്രീം കോടതിയിലെത്തുകയായിരുന്നു. ഈ ഹരജി പരിഗണിക്കവെയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള വിദ്യാര്‍ത്ഥി: അധ്യാപക ആനുപാതം (പ്രൈമറി സ്‌കൂള്‍ 1:10, സെക്കന്ററി 1:15) അനുസരിച്ച് പ്രൈമറി, സൈക്കന്‍ഡറി തലത്തില്‍ തസ്തികള്‍ കണ്ടെത്തി സ്ഥിരനിയമനത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിലവില്‍ താത്കലികമായി ജോലി ചെയ്യുന്നവരില്‍ അര്‍ഹരായവരെ മൂന്നംഗ സമിതി കണ്ടെത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി, സംസ്ഥാന ഡിസെബിലിറ്റി കമ്മീഷണര്‍, റീഹാബിലിറ്റേഷന്‍ കമ്മീഷണര്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. കോടതിയുടെ ഉത്തരവ് നടപ്പിലാക്കിയോയെന്ന് പരിഗണിക്കാന്‍ മൂന്ന് മാസം കഴിഞ്ഞ് ഈ കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ഇങ്ങനെ കണ്ടെത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നും മറ്റു അധ്യാപകര്‍ക്ക് തുല്യമായ സേവന വ്യവസ്ഥകള്‍ നല്‍കണമെന്നും സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

കേരളത്തില്‍ ഏകദേശം 2886 പേരാണ് താത്കാലിക അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സായി ജോലി ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സുമാരുടെ സംഘടനയും ഈ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ രാകേന്ത് ബസന്ത്, സുഭാഷ് ചന്ദ്രന്‍ കെ.ആര്‍, കൃഷ്ണ എല്‍.ആര്‍, ബിജു.പി. രാമന്‍, കെ.പി. രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവരാണ് ഹാജരായത്.

Content Highlight: Deserving special educators should be given permanent appointments: Supreme Court

We use cookies to give you the best possible experience. Learn more