ബെംഗളൂരു: ബാബരി മസ്ജിദ് ഭൂമി തർക്ക കേസിലെ സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് പോസ്റ്ററുകൾ പതിച്ച 13 പേർക്കെതിരായ ക്രിമിനൽ നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി.
കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിലാണ് വരുന്നതെന്നും സമൂഹത്തിൽ ഭിന്നതയോ സ്പർദ്ധയോ വളർത്താൻ ഇത് കാരണമായിട്ടില്ലെന്നും ജസ്റ്റിസ് എച്ച്.പി. സന്ദേഷ് വ്യക്തമാക്കി.
1992-ൽ തകർക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്നിരുന്ന തർക്കഭൂമി രാമക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റിന് വിട്ടുനൽകിക്കൊണ്ട് 2019 നവംബർ ഒമ്പതിനാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്.
ഈ വിധിക്ക് പിന്നാലെ 2019 നവംബർ 16-ന് മംഗളൂരു സൗത്ത് പൊലീസാണ് റോഡരികിലെ മതിലുകളിൽ പതിച്ച പോസ്റ്ററുകൾക്കെതിരെ സ്വമേധയാ കേസെടുത്തത്. സുപ്രീം കോടതി വിധി ‘നീതി നിഷേധം’ ആണെന്ന് വിശേഷിപ്പിക്കുകയും നീതിക്കായി ശബ്ദമുയർത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഉള്ളടക്കമാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരാണ് പോസ്റ്ററുകൾ പതിച്ചതെന്നായിരുന്നു ആരോപണം. തുടർന്ന് മതവികാരം വ്രണപ്പെടുത്തൽ, സ്പർദ്ധ വളർത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഐ.പി.സി 153A, 295A, 120B വകുപ്പുകളും കർണാടക ഓപ്പൺ പ്ലേസ് ഡിസ്ഫിഗർമെന്റ് ആക്ടും പ്രകാരം 13 പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
എന്നാൽ, ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ പ്രാഥമിക ഘടകങ്ങൾ പോലും കേസിൽ ഇല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി നടപടികൾ പൂർണമായും റദ്ദാക്കുകയായിരുന്നു.
പോസ്റ്ററിലെ വാചകങ്ങൾ വിധിയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കൽ മാത്രമാണെന്നും സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തരത്തിലുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏതാനും വ്യക്തികൾക്ക് വിരോധമോ അതൃപ്തിയോ തോന്നി എന്ന കാരണത്താൽ മാത്രം ഐ.പി.സി 153A വകുപ്പ് നിലനിൽക്കില്ലെന്നും, ഒരു പരാമർശം വിദ്വേഷം സൃഷ്ടിക്കുന്നതാണോ എന്ന് വിലയിരുത്തേണ്ടത് പൊതുസമൂഹത്തിലെ വിവേകമുള്ള ഭൂരിപക്ഷത്തിൽ അത് എന്ത് സ്വാധീനമുണ്ടാക്കുന്നു എന്ന് കണക്കിലെടുത്താണെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഒരു വിധിന്യായത്തോടുള്ള ജനാധിപത്യപരമായ വിമർശനവും വിയോജിപ്പും ഭരണഘടനയുടെ അനുച്ഛേദം 19, 21 എന്നിവ നൽകുന്ന പരിരക്ഷയ്ക്ക് അർഹമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തീർപ്പാക്കിയത്. ഹരജിക്കാർക്കായി അഡ്വക്കേറ്റ് ഇസ്മായിൽ മുനീബ് മുസ്ബയും സർക്കാരിനായി ഗവൺമെന്റ് പ്ലീഡർ സുഹാസ് ഗൗഡയും ഹാജരായി.
Content Highlight:Describing the Supreme Court verdict in the Babri Masjid case as a ‘denial of justice’ is not a criminal offense; Karnataka High Court quashes case against those who put up posters.